ബജറ്റുകളുടെ 💼ചരിത്രം | History Of Budget | Union Budget 2022-23


    സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ അവതരിപ്പിക്കപ്പെടുന്നു എന്നൊരു സവിശേഷതകൂടി ഇത്തവണത്തെ ബജറ്റിനുണ്ട്. നാളിതുവരെയായി 92-ഓളം ബജറ്റ് പ്രസംഗങ്ങൾക്ക് ഇന്ത്യ സാക്ഷ്യംവഹിച്ചു. അതിൽ 18 എണ്ണം ഇടക്കാല ബജറ്റോ ധനബിൽ എന്നു പറയാവുന്ന ഗണത്തിലോ ഉള്ളതാണ്. അതുകൊണ്ടുതന്നെ 75-ാം പൂർണബജറ്റാണ് ഫെബ്രുവരി ഒന്നിന് നിർമലാ സീതാരാമൻ അവതരിപ്പിക്കാൻ പോകുന്നത്.

    നമ്മുടെ ബജറ്റ് അവതരണത്തിൽ അടുത്തകാലംവരെ പൂർണമായും ബ്രിട്ടീഷ് ഇന്ത്യയിൽ തുടർന്നിരുന്ന കീഴ്വഴക്കങ്ങൾ അതുപോലെ തുടർന്നുവരുകയായിരുന്നു. ഫെബ്രുവരി അവസാന പ്രവൃത്തിദിനം വൈകീട്ട് അഞ്ചുമണിക്ക് അവതരിപ്പിച്ചുകൊണ്ടിരുന്ന ബജറ്റ് 2001-ന് യശ്വന്ത് സിഹ്ന കാലത്ത് 11 മണിയിലേക്ക് മാറ്റി. 2017 മുതലാണ് കൊളോണിയൽ കാലഘട്ടത്തെ ചിട്ടകൾ അതുപോലെ പിന്തുടരേണ്ടതില്ലെന്നു പറഞ്ഞ് അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ബജറ്റഅവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ബജറ്റ് ഡോക്യുമെന്റ്സ് കൊണ്ടുവരാൻ ഉപയോഗിച്ച ചുവന്ന സ്യൂട്ട്കേസുപോലും ഈ പതിവിന്റെ ഭാഗമാണ്. 2019-ൽ നിർമലാ സീതാരാമൻ ഈ പതിവും മാറ്റി.


1890 ഫെബ്രുവരി 18 - ആദ്യ ബജറ്റ്

    ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1860 ഫെബ്രുവരി 18-ന് ജെയിംസ് വിൻസൺ ആണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രണ്ടു ബജറ്റുകളും അവതരിപ്പിച്ചത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന, വ്യവസായികൂടിയായ, ആർ. കെ. ഷണ്മുഖം ​െചട്ടിയാണ്. പഴയ കൊച്ചി ദിവാനായിരുന്ന ഇദ്ദേഹം അംബേദ്കറെപ്പോലെ മന്ത്രിസഭയിലെ കോൺഗ്രസ് ഇതര മന്ത്രികൂടിയായിരുന്നു. ഇന്ത്യയിലെ ആദ്യ ബജറ്റ് 171.15 കോടി രൂപ വരുമാനവും 197.39 കോടി രൂപ ചെലവും കാണിക്കുന്ന കമ്മി ബജറ്റ് (24.24 കോടി) ആയിരുന്നു. അതിൽ 92.24 കോടി രൂപയും (47 ശതമാനം പ്രതിരോധത്തിനു വേണ്ടിയായിരുന്നു നീക്കിവെച്ചത്.)

    നാട്ടുരാജ്യങ്ങളുടെ ലയനത്തിനുശേഷമുള്ള ആദ്യ പൂർണ ബജറ്റ് (1949-'50) അവതരിപ്പിച്ചതിന്റെ ഖ്യാതി മലയാളികൂടിയായ ജോൺ മത്തായിക്കാണ്. 1950-'51 വർഷത്തേക്ക് അവതരിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാം ബജറ്റിലാണ് ആദ്യമായി പ്ലാനിങ് കമ്മിഷൻ എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. പ്ലാനിങ് കമ്മിഷനും ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവായ പി.സി. മഹലനോബിസിനും അമിത അധികാരംനൽകി എന്ന ആരോപണത്തെത്തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.


1951-'56 - കൃഷ്ണമാചാരിയുടെ ബജറ്റ്

    1951-1956 കാലഘട്ടത്തെ ധനമന്ത്രിയായിരുന്നു, 1943-ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ആദ്യ ഇന്ത്യൻ ഗവർണർകൂടിയായ സി.ഡി. ദേശ്മുഖ്. പൊതുവിൽ ദേശീയവളർച്ച കൈവരിച്ച വർഷങ്ങളായിരുന്നു ഇത്. അന്നുവരെ ഇംഗ്ലീഷിൽമാത്രം തയ്യാറാക്കിയിരുന്ന ബജറ്റ് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയത് 1955-'56 മുതലാണ്. രണ്ടു വ്യത്യസ്ത കാലയളവിലായി ധനമന്ത്രിയായിരുന്ന ടി.ടി. കൃഷ്ണമാചാരിയാണ് ആദ്യമായി വരുമാനത്തിന്റെയും ചെലവിന്റെയും മുകളിൽ നികുതി ഏർപ്പെടുത്തിയത്. തീവണ്ടിയാത്രാ ടിക്കറ്റിനും നികുതിചുമത്തിയ ഇദ്ദേഹം ഉയർന്ന എക്സൈസ് ഡ്യൂട്ടി 400 ശതമാനമായും ഉയർത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ, 1964-ലെ കുടുംബ പെൻഷൻ സ്കീം ഉൾപ്പെടെ, വിവിധ സാമൂഹികക്ഷേമ പെൻഷനുകൾ അദ്ദേഹം നടപ്പാക്കുകയുണ്ടായി .


1958-'59 - പണ്ഡിറ്റ്ജി മുതൽ ഇന്ദിരാഗാന്ധി വരെ

    1958-'59ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്, അന്ന് ധനവകുപ്പിന്റെ താത്കാലിക ചുമതലകൂടി വഹിച്ചിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവാണ്.

    1959 മുതൽ 1964 വരെയും 1967 മുതൽ 1969 വരെയും അവതരിപ്പിച്ച മൊറാർജി ദേശായിയുടെ ബജറ്റുകൾ, പൊതുവിൽ കടുത്ത നികുതിനിർദേശങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചതും (10) ദേശായിയാണ്.

    1970-'71ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത് അന്ന് ധനമന്ത്രാലയത്തിന്റെകൂടി ചുമതലവഹിച്ചിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത എന്നപേര് ഇന്ദിരാഗാന്ധിക്കാണ്. ആ ബജറ്റിൽ പരാമർശിച്ച ഉയർന്ന വരുമാന നികുതി 85 ശതമാനമായിരുന്നു. രണ്ടുലക്ഷം രൂപയ്ക്കുമുകളിലെ എല്ലാ തുകയ്ക്കും സർചാർജ് ഉൾപ്പെടെ 93.5 ശതമാനം നികുതി (അഡീഷണൽ സർ ചാർജ് ഉൾപ്പെടെ 97.5 ശതമാനം) എന്നത് ഇന്ന് ചിലർക്കെങ്കിലും അവിശ്വസനീയമായി തോന്നിയേക്കാം. പിന്നീടത് 1985-'86ൽ 50 ശതമാനം ആയും (വി.പി. സിങ്) 1997-'98 (പി. ചിദംബരം) മുതൽ 30 ശതമാനമായും കുറയ്ക്കുകയായിരുന്നു.


1973-'74 - കറുത്ത ബജറ്റ്

    വൈ.ബി. ചവാൻ അവതരിപ്പിച്ച 1973-'74ലേക്കുള്ള ബജറ്റ് 'കറുത്ത ബജറ്റ്' എന്നാണ് അറിയപ്പെടുന്നത്. അന്നുവരെ ഉള്ളതിൽവെച്ച് ഏറ്റവും കൂടുതൽ ധനക്കമ്മി (550 കോടി) രേഖപ്പെടുത്തിയ ബജറ്റാണ് അത്. 1971-ലെ പാകിസ്താൻ യുദ്ധവും മൺസൂണിന്റെ പരാജയവും ഒക്കെയായിരുന്നു ധനക്കമ്മി കൂടാനുള്ള കാരണങ്ങൾ.

    സി. സുബ്രഹ്മണ്യന്റെ (1975-'77) കാലത്താണ് ഇന്ത്യ ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത്. വരുമാന നികുതി 66 ശതമാനം ആയി കുറയ്ക്കുകയും ചെയ്തു സി. സുബ്രഹ്മണ്യൻ.


പട്ടേലും കൊക്കകോളയും

    എച്ച്.എം. പട്ടേൽ (1977-'79) വിദേശകമ്പനികൾ കുറഞ്ഞത് 50 ശതമാനം ഉടമസ്ഥതയോടെ ഇന്ത്യൻ കമ്പനി രൂപവത്കരിക്കണം എന്നൊരു വ്യവസ്ഥ ഇദ്ദേഹം ഉണ്ടാക്കി. അതിൽ പ്രതിഷേധിച്ച് അന്ന് കൊക്കകോള ഇന്ത്യ വിട്ടുപോവുകയുണ്ടായി. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കൂടെച്ചേർന്ന്, ഇന്ത്യയിൽ ആദ്യമായി നോട്ടുപിൻവലിക്കൽ നടത്തിയത് ധനമന്ത്രി പട്ടേലാണ്. 1000, 5000, 10,000 രൂപയുടെ നോട്ടുകളാണ് അന്ന് പിൻവലിച്ചിരുന്നത്. ഈ നോട്ടുകൾ അന്ന് സാധാരണക്കാർ ഉപയോഗിക്കാത്തതിനാൽ, ആ സംഭവം വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നില്ല.

    1979-'80ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച ചരൺസിങ് ഏഴാം ധനകാര്യ കമ്മിഷൻ നിർദേശങ്ങൾ അംഗീകരിക്കുകയും തത്ഫലമായി സംസ്ഥാനങ്ങൾക്കുള്ള എക്സൈസ് ഡ്യൂട്ടിവിഹിതം 20 ശതമാനത്തിൽനിന്ന് 40 ശതമാനമായി വർധിക്കുകയും ചെയ്തു. മൂല്യവർധിത നികുതി എന്ന ആശയത്തിന്റെ ജനനവും ചരൺസിങ്ങിന്റെ ബജറ്റുകളിലൂടെയായിരുന്നു. ജീവൻരക്ഷാമരുന്നുകൾ എക്സെസ് ഡ്യൂട്ടിയിൽനിന്നു ഒഴിവാക്കിയത് (1980-'82) ആർ. വെങ്കിട്ടരാമന്റെ കാലത്താണ്. ധനകാര്യമന്ത്രിപദം അലങ്കരിച്ച (1982-'84) ആദ്യത്തെ രാജ്യസഭാംഗമാണ് പ്രണബ് മുഖർജി. 2009 മുതൽ 2011 വരെയും പ്രണബ് ധനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.


1987-'88 - സ്വപ്ന ബജറ്റ്

    1987-'88ലേക്കുള്ള ബജറ്റ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് അവതരിപ്പിച്ചത്. നികുതി അടവിൽനിന്നു ഒഴിവാക്കുന്ന കോർപ്പറേറ്റുകളിൽനിന്ന് നികുതി പിരിച്ചെടുക്കുന്നതിനുള്ള മിനിമം ആൾട്ടർനേറ്റിവ് ടാക്സ് എന്ന സമ്പ്രദായം നടപ്പിൽവരുത്തിയത് ഈ ബജറ്റിലാണ്. 1988-'89 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച എൻ.ഡി. തിവാരിയാണ് കിസാൻ വികാസ് പത്ര എന്ന് പിൽക്കാലത്ത് ഏറെ പ്രചാരം ലഭിച്ച സമ്പാദ്യപദ്ധതി തുടങ്ങിയത്. ഒട്ടേറെ വർഷങ്ങളിൽ ധനമന്ത്രിപദം അലങ്കരിച്ച ചിദംബരം അവതരിപ്പിച്ച 1997-'98 വർഷത്തേക്കുള്ള ബജറ്റാണ് 'സ്വപ്ന ബജറ്റ്' എന്നറിയപ്പെടുന്നത്. സമസ്തമേഖലകളെയും വ്യക്തമായി പരാമർശിച്ചുകൊണ്ടുള്ള, കോർപ്പറേറ്റ് മേഖലയ്ക്കും മധ്യവർഗത്തിനും പാവപ്പെട്ടവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞ ബജറ്റായിരുന്നു അത്. വരുമാനനികുതിയുടെ നിലവിലെ സ്ലാബുകൾ 10, 20, 30 ശതമാനമായി നിജപ്പെടുത്തിയത് ഈ ബജറ്റിലാണ്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും തൊഴിലുറപ്പുപദ്ധതിയും തുടങ്ങിയത് ചിദംബരമാണ്.

    അടൽ പെൻഷൻ യോജന, ഡിജിറ്റൽ ഇന്ത്യ, മേയ്ക്ക് ഇൻ ഇന്ത്യ തുടങ്ങി ഒട്ടേറെ കേന്ദ്രസർക്കാർ ഫ്ലാഗ്ഷിപ്പ് പരിപാടികളുടെ ആസൂത്രകൻ അരുൺ ജെയ്റ്റ്ലി (2014-2019) ആണ്. 2017-ൽ ജി.എസ്.ടി. നടപ്പാക്കിയതും ഒരു കോടിക്കുമേൽ വരുമാനം ഉള്ളവർക്ക് രണ്ടുശതമാനം സർചാർജ് ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. സമ്പത്തിനുമേൽ ചുമത്തുന്ന നികുതി ജെയ്റ്റ്ലി നിർത്തലാക്കുകയും ചെയ്തു. 2019 ജൂലായ് അഞ്ചിന് ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനാണ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച മുഴുവൻസമയ വനിതാ ധനമന്ത്രി.


പൊളിച്ചെഴുതി മൻമോഹൻ

    ചരിത്രത്തിൽ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി, ബാലൻസ് ഓഫ് പേമെന്റ്സ് തകർച്ച ഉൾപ്പെടെ, ഉണ്ടായ അതേ വർഷമാണ് 1991 ജൂലായ് 24-ന് ഇന്ത്യൻ സാമ്പത്തികരംഗം മാറ്റിമറിച്ച, കെട്ടിലും മട്ടിലും ഏറെ പൊളിച്ചെഴുത്ത് നടത്തിയതും ഏറെ ദീർഘിച്ചതുമായ ബജറ്റ് ഡോ. മൻമോഹൻ സിങ് അവതരിപ്പിച്ചത്. അതിനുശേഷം ഇന്ത്യയിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ട ഓരോ ബജറ്റും പുത്തൻ സാമ്പത്തികപരിഷ്കാരങ്ങളുടെയും സ്വകാര്യവത്കരണത്തിന്റെയും നിർദേശങ്ങളാൽ സമ്പന്നമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍