കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ | Kerala Important Temple Festivals

പ്രധാന ക്ഷേത്രോത്സവങ്ങൾ ആചാരപരവും ഭക്തിപരവുമായ അനുഷ്ടാന ചടങ്ങുകൾ. അവയുടെ പ്രാധാന്യവും സാമൂഹിക പ്രസക്തിയും

പ്രധാന ക്ഷേത്രോത്സവങ്ങൾ



കേരളത്തിലെ ക്ഷേത്രാരാധനാ പ്രസ്ഥാനത്തിന് ഹിന്ദുമതത്തിന്റെ നവോത്ഥാന കാലത്തോളം പഴക്കമുണ്ട്. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, തുടങ്ങിയ പരമോന്നത മൂര്‍ത്തികള്‍ കുടിയിരിക്കുന്ന ക്ഷേത്രങ്ങള്‍ മുതല്‍ വിഗ്രഹങ്ങളോ മന്ത്രോച്ചാരണങ്ങളോ ഒന്നുമില്ലാതെ പരബ്രഹ്മത്തെ ഉപാസിക്കുന്ന ക്ഷേത്രങ്ങള്‍ വരെ കേരളത്തിലുണ്ട്. നമ്മുടെ ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. ഈ നാടിന്റെ കലാസാംസ്കാരിക രംഗത്തെ വളര്‍ച്ചയിലും അദ്വിതീയമായ സ്ഥാനമാണ് അവ എക്കാലത്തും വഹിച്ചിരുന്നത്. നാമിന്ന് ഏറെ അഭിമാനം കൊള്ളുന്ന മിക്ക കലാവിദ്യകളുടെയും ഈറ്റില്ലവും ക്ഷേത്രങ്ങള്‍ തന്നെയാണ്. ക്ഷേത്രനിര്‍മ്മിതിയിലെ വാസ്തുകലയും, വിഗ്രഹനിര്‍മ്മാണത്തിലെ കരവിരുതും, ദേവതോപാസനകളായ അനുഷ്ഠാനകലകളുമെല്ലാം കേരളജനതയുടെ കലാ വൈഭവത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ്.

കല്‍പ്പാത്തി രഥോത്സവം



പാലക്കാട്ടു ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവമാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്.

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ് പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം.

ഉത്സവത്തിന്റെ ഒന്നാം ദിവസം ഒരു തേര്, രണ്ടാം ദിവസം രണ്ട് തേര്, മൂന്നാം ദിവസം മൂന്നു തേര് എന്ന ക്രമത്തിലാണ് ആഘോഷപരിപാടികള്‍ നീങ്ങുന്നത്. 

കാസര്‍ഗോഡു ജില്ലയിയിലെ തെയ്യമഹോത്സവങ്ങള്‍

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ വളരെ അധികം പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് തെയ്യം. നൃത്തവും, സംഗീതവും, അഭിനയവും, താളമേളങ്ങളും സമന്വയിപ്പിക്കുന്ന ഈ കലാരൂപം വീരാരാധനയും പൂര്‍വ്വികരുടെ അനുസ്മരണവുമൊക്കെയായി ബന്ധപ്പെട്ടതാണ്.

കാസര്‍ഗോഡു ജില്ലയിലെ പ്രശസ്തമായ രണ്ടു തെയ്യക്കാവുകളാണ് പെരുന്തിട്ട തറവാടും, കാനത്തൂര്‍ നാല്‍വര്‍ ഭുതസ്ഥാനവും. ഡിസംബര്‍ - ജനുവരി കാലത്താണ് ഇവിടെ തെയ്യം അരങ്ങേറുന്നത്. കാസറഗോഡു ജില്ലയിലേ കോട്ടം കുഴിയിലാണ് പെരുന്തിട്ട തറവാട്. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തെയ്യമഹോത്സവത്തില്‍ ഇളയൂര്‍ തെയ്യം, ചാമുണ്ഡി തെയ്യം തുടങ്ങി നിരവധി തെയ്യങ്ങള്‍ ഇവിടെ അരങ്ങേറുന്നു.

കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം തെയ്യപ്രേമികള്‍ക്ക് ഒരു അപൂര്‍വ്വ അവസരമാണൊരുക്കുന്നത്. നാല്‍പതോളം തെയ്യങ്ങളാണ് ഓരോവര്‍ഷവും ഇവിടെ അരങ്ങേറുന്നത്.

മച്ചാട്ടു മാമാങ്കം



മച്ചാട്ടു തിരുവാണിക്കാവ് ഭഗവതീ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പെരുമയുടെ പേരാണ് മച്ചാട്ടു മാമാങ്കം. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും വിഭിന്ന സംസ്കാരങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ക്കാണ്, ഈ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കാരണക്കാരിയായ കാവിലമ്മയെ എഴുന്നള്ളിക്കുന്ന ഈ ഉത്സവകാലം ഭക്തജനങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ദിനരാത്രങ്ങളാണ് പ്രദാനം ചെയ്യുന്നത്.

ഉത്സവത്തിന്റെ പ്രധാനയിനം അവസാന ദിവസത്തെ ഘോഷയാത്രയാണ്. ഭക്തജനങ്ങള്‍ ക്ഷേത്രത്തിനു കാഴ്ച വെയ്ക്കുന്ന അലങ്കരിക്കപ്പെട്ട കുതിരക്കോലങ്ങളാണ് ഇതിലെ ആകര്‍ഷകയിനം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്ര ക്ഷേത്രവളപ്പിലവസാനിപ്പിക്കുമ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമായിത്തീരും.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രോത്സവങ്ങള്‍

തിരുവനന്തപുരം നഗരത്തിലെ വിഷ്ണുക്ഷേത്രം. അനന്തന്‍ എന്ന നാഗത്തിന്‍ മേല്‍ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. മീനമാസത്തില്‍ രോഹിണി കൊടികയറി അത്തം ആറാട്ടായും തുലാമാസത്തില്‍ അത്തം കൊടികയറി തിരുവോണം ആറാട്ടായും രണ്ട് ഉത്സവങ്ങള്‍. രണ്ടിനും ഭഗവാന്‍ ശംഖുമുഖം കടപ്പുറത്താണ് ആറാടുന്നത്.

പൈങ്കുനി ഉത്സവം

മീനമാസത്തില്‍ രോഹിണി നക്ഷത്ര ദിവസം കൊടികയറി അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ് പൈങ്കുനി ഉത്സവം. രോഹിണി നാളില്‍ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളില്‍ കൊടി കയറ്റുന്നു. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. താത്കാലികമായി നിര്‍മ്മിച്ച കിടങ്ങില്‍ ഒരു തേങ്ങ വച്ചിട്ടുണ്ടാവും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകര്‍ക്കും. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തില്‍ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങള്‍ പടിഞ്ഞാറേനടയിലൂടെ പുറത്തിറങ്ങുന്നു. വലിയ തമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചു കൊണ്ട് ഭഗവാന് അകമ്പടി സേവിക്കും. പടിഞ്ഞാറേനടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോള്‍ 1001 കതിനവെടി മുഴങ്ങും. കടപ്പുറത്തെത്തിച്ചു കഴിഞ്ഞാല്‍ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങള്‍  ഇറക്കിവച്ച് പൂജകള്‍ നടത്തുന്നു. പിന്നീട് തന്ത്രി, മേല്‍ശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നു പ്രാവശ്യം കടലില്‍ മുങ്ങുന്നു. പിന്നീട് കൊടിയിറക്കം.

അല്‍പ്പശി ഉത്സവം

തമിഴ് വര്‍ഷത്തിലെ അല്‍പ്പശി അഥവാ ഐപ്പശി എന്നാല്‍ മലയാള വര്‍ഷത്തിലെ തുലാമാസം. മീനമാസത്തിലെ ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാമാസത്തിലെ ഉത്സവത്തിനും ആവര്‍ത്തിക്കുന്നു. തുലാമാസത്തില്‍ അത്തം കൊടികയറി തിരുവോണം ആറാട്ടായാണ് ഉത്സവം.

വൈക്കത്തഷ്ടമി

കോട്ടയം ജില്ലയിലെ വൈക്കം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തില്‍ ആരംഭിക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേര്. രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ പങ്കു ചേര്‍ന്ന് കൂടിയെഴുന്നള്ളും. 12 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തില്‍ വച്ചാണ് നടത്തുന്നത്.

ചിറ്റൂര്‍ കൊങ്ങന്‍പട

ചിറ്റൂര്‍ ദേശക്കാരും തമിഴ് നാട്ടിലെ കൊങ്ങരാജാവുമായി നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന കൊങ്ങന്‍പടമഹോത്സവം കുംഭമാസത്തിലെ കറുത്തവാവു കഴിഞ്ഞ് ബുധനാഴ്ചയ്ക്കു ശേഷമുള്ള ആദ്യ തിങ്കളാഴ്ച ദിവസമാണ് ആഘോഷിക്കുന്നത്. കൊങ്ങയുദ്ധത്തില്‍ ചിറ്റൂര്‍ ദേശത്തെ നയിച്ചു വിജയിച്ച ചിറ്റൂരമ്മയെ ആരാധിക്കലാണ് കൊങ്ങന്‍പട ഉത്സവം. നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, തത്തമംഗലം എന്നിവിടങ്ങളിലെ താമസക്കാരും ഉത്സവത്തില്‍ പങ്കെടുക്കാനും ചിറ്റൂര്‍ക്കാവില്‍ ക്ഷേത്രദര്‍ശനത്തിനും എത്താറുണ്ട്. അരഞ്ഞിക്കാവ് തീണ്ടലോടെയാണ് ഉത്സവത്തിനു തുടക്കമാകുന്നത്. നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശവും ദേശക്കാരും ആരംഭിച്ചതാണെന്നാണ് ഐതിഹ്യം.

ഗുരുവായൂര്‍ ആറാട്ട്

ഉത്സവങ്ങള്‍ മൂന്നുതരം. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുള കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. പത്തു ദിവസം നീളുന്ന ഗുരുവായൂര്‍ ഉത്സവം അങ്കുരാദിയാണ്. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളില്‍ കൊടിയേറും. അവസാനദിവസം ആറാട്ടോടു കൂടി സമാപിക്കും. ഉത്സവത്തിനു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകള്‍ നടത്തും. ഉത്സവം കൊടികയറുന്നതിന്റെ എട്ടു ദിവസം മുമ്പ് ആരംഭിക്കും കലശ പൂജകള്‍. കലശം തുടങ്ങിയാല്‍ ഉത്സവം കഴിയുന്നതു വരെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ അമ്പലത്തില്‍ പ്രവേശിപ്പിക്കുകയില്ല. ഉത്സവം കൊടികയറിയാല്‍ ഉത്സവം കഴിയുന്നതുവരെ തൃപ്പുക ഉണ്ടാവുകയില്ല.

ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞ് ആനയോട്ടം നടക്കുന്നു. രണ്ടാം ദിവസം ക്ഷേത്രത്തില്‍ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. ഉല്‍സവകാലത്ത് എല്ലാ ദിവസവും കാലത്ത് പന്തീരടി പൂജയ്ക്ക് ശേഷം 11 മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദര്‍ശനവും രാത്രി അത്താഴപൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കു ഭാഗത്ത് സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചു വെയ്ക്കലുമുണ്ട്.

ഒന്‍പതാം ദിവസം പള്ളിവേട്ടയാണ്. അന്ന് ഭഗവാന്‍ ദീപാരാധനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിനിറങ്ങും. പത്താം ദിവസം ഭഗവാന്റെ ആറാട്ട്. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തില്‍ ഉച്ചപൂജ. ആറാട്ടു ദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപൂജ പതിവുള്ളു. ആറാട്ട് ദിവസം രാവിലെ 11 മണിയോടെയാണ് ഉച്ചപൂജ. അതിനു ശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

ഓച്ചിറ കാളകെട്ട്

കാളവേല, കാളകളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കാളകെട്ട് എന്ന അനുഷ്ഠാനം സാധാരണയായി ഭഗവതിക്കാവുകളിലെ ഉത്സവങ്ങളോടനുബന്ധിച്ചാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഒരു കാര്‍ഷികോത്സവം കൂടിയാണിത്.

മരം കൊണ്ടുണ്ടാക്കിയ മുഖവും, മുളയുടെയോ കമുകിന്റെയോ ചെറിയ ചീളുകള്‍ കൊണ്ട് നിര്‍മ്മിച്ച് വൈക്കോല്‍ പൊതിഞ്ഞശേഷം തുണികൊണ്ടു മൂടികെട്ടിയ ശരീരവുമാണ് കാളകള്‍ക്കുള്ളത്. പല വിധത്തില്‍ അലങ്കരിച്ച് മാലയുമണിയിച്ച് വലിയതണ്ടില്‍ വെച്ചു പിടിപ്പിച്ച ഇരട്ടകാളകളും ചെറിയ കാളകളുമൊക്കെ വേലകളില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. തണ്ടില്‍ വെച്ചു പിടിപ്പിച്ച വലിയ കാളകളെ അനവധി പേര്‍ ചേര്‍ന്ന് ചുമന്നാണ് കാവിലെത്തിക്കുന്നത്. വലിയ ആര്‍പ്പുവിളികളും വാദ്യഘോഷങ്ങളും അകമ്പടി സേവിച്ചാണ് കാളയെഴുന്നള്ളിപ്പ്. ചെണ്ട, ഇലത്താളം, തുടി, തുടങ്ങിയ വാദ്യോപകരണങ്ങളാണ് കാളവേലകളില്‍ ഉപയോഗിക്കുന്നത്.

ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നടക്കുന്ന ഒരു ആഘോഷമാണ് കാള കെട്ട്. ഒരു ജോടി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്ര പരിസരത്ത് നിരത്തി വച്ചാണ് ആഘോഷം. കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നു പറയും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായാണ് ഓരോ കാളയും നിരത്തുന്നത്.

ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളും മറ്റുമായി ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടു വരികയും ചെയ്യും. കാളകള്‍ക്ക് മത്സരത്തിന്റെ രീതിയില്‍ സമ്മാനം കൊടുക്കുന്ന പതിവും ഉണ്ട്.

കാര്‍ഷികാഭിവൃദ്ധിക്കായി നടത്തുന്നതാകയാല്‍ കര്‍ഷകതൊഴിലാളികളാണ് കൂടുതലും കാളകെട്ട് അവതരിപ്പിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ഭരണി

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. മീനമാസത്തിലാണ് ആഘോഷം.

ഉത്സവത്തിനു വരുന്നവരില്‍ അധികവും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ (കടത്തനാടന്‍) നിന്നുള്ളവരായിരിക്കും. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങള്‍ക്ക് പിന്നില്‍ എന്നു കരുതുന്നു.

പ്രത്യേകതകള്‍

കാവുതീണ്ടല്‍, മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴിക്കല്ല് മൂടല്‍, പാലക്കവേലന്‍ എന്ന മുക്കുവന്റെ ചടങ്ങുകള്‍ എന്നിവയാണ് അനുഷ്ഠാനങ്ങള്‍.

അശ്വതി കാവുതീണ്ടലാണ് ഏറ്റവും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണി ദിവസമുള്ള കൊടിയേറ്റു മുതല്‍ മീനമാസത്തിലെ അശ്വതി നാള്‍ വരെയുള്ള ദിവസങ്ങളാണ് ആഘോഷങ്ങള്‍ മുഴുവന്‍. നല്ലവനായ വീരാശാരിയും മലയന്‍ തട്ടാന്‍ എന്നു വിളിക്കുന്ന തട്ടാനും ചേര്‍ന്നു നടത്തുന്ന ചടങ്ങ് പ്രധാനമാണ്. തട്ടാന്‍ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കും. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാര്‍ അശുദ്ധി തീര്‍ത്ത് ക്ഷേത്രം ശുദ്ധമാക്കും. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകള്‍ കെട്ടും. അതോടെ ഭരണിക്കാലം ആരംഭിക്കും. തെറിപ്പാട്ടു പാടി മണികെട്ടിയ വടിയുമായാണ് വരിക. വയനാട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളില്‍ നിന്ന് സംഘമായി കാല്‍നടയായി വരുന്നവരും ഉണ്ട്.

കാവുതീണ്ടല്‍

അശ്വതിനാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടല്‍. ഉച്ചക്ക് പതിനൊന്നു മണിയോടെ ക്ഷേത്രത്തിന്റെ വടക്കേ നട അടച്ചു പൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. അത്താഴപൂജക്ക് ശേഷം അശ്വതീ പൂജ എന്ന പേരില്‍ രഹസ്യമായ മറ്റൊരു ചടങ്ങുകൂടി നടത്തപ്പെടുന്നു. ദേവിയുടെ വിഗ്രഹത്തില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം അഴിച്ചു മാറ്റി വിഗ്രഹത്തില്‍ തൃച്ചന്ദനപ്പൊടി ചാര്‍ത്തും. കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങള്‍ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്തു ഒത്തുചേരും.

നടതുറന്നു കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേര്‍ന്ന് ആനയിച്ച് കൊണ്ടു വരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടു തറയില്‍ കയറി കോയ്മ സ്വീകരിക്കുന്നതോടെ കാവുതീണ്ടല്‍ തുടങ്ങും. പാലക്കവേലന്റെ കയ്യില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചശേഷമാണ് തമ്പുരാന്‍ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനു ശേഷം അതുവരെ ഊഴം കാത്ത് നില്‍ക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകള്‍ മുഴങ്ങുന്ന തരത്തില്‍ മരക്കമ്പു കൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചു കൊണ്ട് മൂന്നു പ്രാവശ്യം വലം വക്കുന്നു. ഇതാണ് കാവുതീണ്ടല്‍.

ഭരണിപ്പാട്ട്

കാവു തീണ്ടല്‍ നടക്കുന്ന അശ്വതി നാളില്‍ ദൈവത്തെ സ്തുതിച്ചു കൊണ്ടും അശ്ലീലപ്പാട്ടുകള്‍ പാടിയാണ് ഭക്തര്‍ കാവു തീണ്ടുന്നത്.

തൃശ്ശൂര്‍ പൂരം

കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന്.

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

തൃശ്ശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തില്‍ ഉപദേവതയായ ഭഗവതിയാണ് പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശ്ശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങാണ് ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ ദേവതമാര്‍ ചെറുപൂരവുമായി എത്തും. 

ചെട്ടികുളങ്ങര ഭരണി

ആലപ്പുഴയില്‍ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര എന്ന ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് ഇവിടത്തെ പ്രസിദ്ധമായ ദേവിക്ഷേത്രത്തിന്റെയും ഭരണിയുത്സവത്തിന്റെയും പേരിലാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ഭരണി നാളിലാണ്.

കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. മരത്തില്‍ നിര്‍മ്മിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയുമുണ്ടാവും. ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം ഓരോ ഭാഗത്ത് അവയെ അണി നിരത്തി  നിറുത്തും. ജാതി-മത-ഭേദ ചിന്തകള്‍ കൂടാതെയുള്ള വിശ്വാസികളുടെ പങ്കാളിത്തം  ചെട്ടികുളങ്ങര ഭരണിയുടെ സവിശേഷതയാണ്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന

ഏറ്റുമാനൂര്‍ കോട്ടയം ജില്ലയിലെ ഒരു ദേശം. ഇവിടത്തെ മഹാദേവക്ഷേത്രവും വാര്‍ഷികോത്സവവും ചരിത്ര പ്രസിദ്ധമാണ്. ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളിപ്പ് വിഖ്യാതമായ ചടങ്ങാണ്. ഏഴരപ്പൊന്നാനയുടെ കഥ നമ്മെ രാജഭരണകാലത്തിലേക്കെത്തിക്കുന്നു. മരത്തില്‍ നിര്‍മ്മിച്ചതും പൊന്നു കൊണ്ട് പൊതിഞ്ഞതുമായ ഒരാനയ്ക്ക് രണ്ടടി ഉയരമുണ്ട്. അത്തരത്തില്‍ ഏഴാനകള്‍. എട്ടാമത്തേതിന് ഒരടി ഉയരമേയുള്ളുവെന്നതിനാല്‍ 'അര'യാന എന്നു വിളിക്കപ്പെട്ടു. ക്ഷേത്രത്തിലെ എട്ടുമുത്സവദിനത്തിലും പത്താമുത്സവദിനത്തിലും ഏഴരപ്പൊന്നാനയെഴുന്നള്ളിപ്പ്, പൊന്നിന്‍കുട, ആലവട്ടം, വെണ്‍ചാമരം എന്നിവ അകമ്പടി സേവിക്കുമ്പോള്‍ ഭക്തിയുടെ കാഞ്ചനപ്രഭ ഭക്തലക്ഷങ്ങളുടെ ഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പും.

ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.

മകരം - കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പൊങ്കാല. പൊങ്കാലയ്ക്കു ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കും. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടുക. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചതിനുശേഷമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. വെള്ളച്ചോറ്, വെള്ളപായസം, ശര്‍ക്കരപ്പായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുറ്റ് എന്നിവയും നിവേദ്യം തയ്യാറായതിനു ശേഷം ഉണ്ടാക്കാം. ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

കടമ്മനിട്ട പടയണി

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ നടക്കുന്ന പടയണി പ്രസിദ്ധമാണ്. മേടമാസത്തിലെ അഞ്ചു ദിവസങ്ങളിലാണ് (പത്താമുദയമാണ് തുടക്കം) പടയണി ആഘോഷിക്കുന്നത്. ദേവികളുടെ മാതാവായ ഭഗവതിയെ സ്തുതിച്ചു കൊണ്ട് ആചരിക്കുന്നതാണ് പടയണി. ദാരികനില്‍ ദേവി കാളിക്കുണ്ടായ വിജയത്തിന്റെ ആഘോഷമാണിത്. തപ്പും തുടിയും ചെണ്ടയും ഇലത്താളവും മേളങ്ങള്‍ കൊഴുക്കുമ്പോള്‍ നാടന്‍ നൃത്തരൂപങ്ങള്‍ നൃത്തം വെയ്ക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്.

കൊട്ടിയൂര്‍ മഹോത്സവം

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ ബാവലി നദിയുടെ ഇരുകരകളിലുള്ള രണ്ടു ക്ഷേത്രങ്ങള്‍ - അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍ ചേര്‍ന്നു നടത്തുന്നതാണ് കൊട്ടിയൂര്‍ മഹോത്സവം. പ്രകൃതിയുടെ മടിത്തട്ടില്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം മെയ് - ജൂണ്‍ മാസങ്ങളിലാണ് നടത്തുന്നത്. നെയ്യാട്ടത്തില്‍ ആരംഭിച്ച് തൃക്കലശാട്ടില്‍ അവസാനിക്കുന്ന ഈ ഉത്സവമഹാമഹം കാണുവാന്‍ ആയിരക്കണക്കിനാളുകളാണ് വിവിധ നാടുകളില്‍ നിന്നായി എത്തുന്നത്.

സ്വയംഭൂലിംഗം ആരാധനാമൂര്‍ത്തിയായുള്ള അക്കരെ കൊട്ടിയൂരില്‍ പക്ഷെ ക്ഷേത്രസംബന്ധിയായ നിര്‍മ്മിതികള്‍ ഒന്നും തന്നെയില്ല. കല്ലുകള്‍ കൂട്ടി വച്ച മണിത്തറ എന്നു വിശേഷിപ്പിക്കുന്ന പവിത്രസ്ഥാനത്താണ് സ്വയംഭൂലിംഗ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത്. അക്കരെ കൊട്ടിയൂരിലെ ഈ ക്ഷേത്രത്തില്‍ ഉത്സവകാലത്തു മാത്രമേ ആരാധന നടത്താറുള്ളൂ.

ചിനക്കത്തൂര്‍പൂരം

പാലക്കാട് ജില്ലയിലെ പാലപുറത്തുള്ള ശ്രീ ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാഴ്ചക്കാരുടെ കണ്ണിനും കാതിനും ഒരു വലിയ വിരുന്നു തന്നെ ആയിരിക്കും എന്നതിനു തര്‍ക്കമില്ല. കൊമ്പനാനകളുടെ ഘോഷയാത്രയും വിവിധ വാദ്യോപകരണങ്ങള്‍കൊണ്ടുള്ള കേരളത്തിന്റെ തനതായ പഞ്ചവാദ്യവും, കലാരൂപങ്ങളായ വെള്ളാട്ടം, തെയ്യം, പൂതനം തിറ, കാളവേല, കുതിരവേല, ആണ്ടിവേടന്‍, കരിവേല തുടങ്ങിയവയെല്ലാം കാഴ്ചക്കാര്‍ക്ക് മനോഹരമായ ഒരനുഭവമായിരിക്കും.

ഉത്രാളിക്കാവുപൂരം

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള പരുത്തിപ്രയില്‍ കാളീദേവി ആരാധനാ മൂര്‍ത്തിയായുള്ള ശ്രീ രുധിര മഹാകാളി കാവു ക്ഷേത്രത്തിലെ ഉത്സവം, ഉത്രാളിക്കാവുപൂരം എന്ന പേരിലാണ് പ്രസിദ്ധി നേടിയിരിക്കുന്നത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഈ മഹോത്സവത്തില്‍ ഏകദേശം 21 ആനകളെ വര്‍ണ്ണക്കുടകളും വെഞ്ചാമരവും ആലവട്ടവുമായി അലങ്കരിച്ച് അണിനിരത്തുന്നു. കൊഴുപ്പേകാന്‍ കേരളത്തിന്റെ തനതായ വാദ്യരൂപങ്ങള്‍ മേളിക്കുന്ന പഞ്ചവാദ്യവും, പാണ്ടിമേളവും മത്സരിക്കും.

പെരുവനം പൂരം

പൗരാണികതയാര്‍ന്ന ഉത്സവത്തിലൂടെ പ്രശസ്തിനേടിയ തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പിലുളള പെരുവനം ശിവക്ഷേത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഇപ്പോഴത്തെ ശ്രീ കോവില്‍ നിര്‍മ്മിച്ചിരിക്കുന്നത് മുമ്പ് പരമശിവന്‍ തപസ്സു ചെയ്ത വൃക്ഷം നിന്നിരുന്ന സ്ഥാനത്താണ് എന്നാണ് ഐതിഹ്യം. ആദ്യകാലത്തെ പെരുവനം പൂരം ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നതായി പറയപ്പെടുന്നു. അജ്ഞാതമായ ചില കാരണങ്ങളാല്‍ പഴയ രീതിയ്ക്കു തടസ്സങ്ങള്‍ ഉണ്ടാവുകയും പിന്നീട് പെരുവനം പൂരം ആറാട്ടു പുഴ പൂരം എന്നിങ്ങനെ രണ്ടു പൂരങ്ങള്‍ ആഘോഷിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇന്നുള്ള പെരുവനം പൂരം കഴിഞ്ഞ 1400 -ല്‍ അധികം വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതായാണ് പറയപ്പെടുന്നത്. മലയാളം കലണ്ടറിലെ മീനമാസത്തില്‍ (മാര്‍ച്ച്‌ - ഏപ്രില്‍) നടക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം വിഗ്രഹമേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും ഒപ്പമുള്ള മറ്റ് ആറ് കരിവീരന്മാരുടെയും എഴുന്നള്ളത്താണ്. അര്‍ദ്ധരാത്രിയോടെ നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പഞ്ചാരിമേളവും തുടര്‍ന്ന് കരിമരുന്നു പ്രകടനവും ആരംഭിക്കും.

ആറാട്ടുപുഴ പൂരം

തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരത്തിന്റെ പ്രാമുഖ്യവും പെരുമയും മൂലം ഇതിനെ പൂരങ്ങളുടെ മാതാവായാണ് കണക്കാക്കുന്നത്. തൃശ്ശൂരില്‍ നിന്നും ഏകദേശം 15 കി.മി. ദൂരമുള്ള ആറാട്ടു പുഴയിലെ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നടത്തുന്നതാണ് ഈ പൂരം. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവകാലത്ത് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തിയായ ശ്രീ അയ്യപ്പനെ ദര്‍ശിക്കുവാന്‍ സമീപ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ എത്തുന്നതായാണ് സങ്കല്പം. 7ാം ദിവസം വൈകുന്നേരത്തോടെ നെറ്റിപ്പട്ടം കെട്ടിയ ആനകളും, തീവെട്ടികളും മറ്റുമായി നടത്തുന്ന ശാസ്താവിന്റെ മേളം ആരംഭിക്കും. ഇതു തീരുന്നതോടെ പിറ്റേദിവസം അതിരാവിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നെത്തിയ ദേവീദേവന്മാരുടെ തിടമ്പേറ്റിയ 50-ല്‍ അധികം ആനകളുമായി സമീപത്തുള്ളവര്‍ നെല്‍പാടത്തേയ്ക്ക് യാത്രപുറപ്പെടും.

പഞ്ചവാദ്യം, പഞ്ചാരിമേളം, പാണ്ടിമേളം എന്നിവ അരങ്ങു തകര്‍ക്കുമ്പോള്‍ മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും ഏന്തിയ ഗജവീരന്മാര്‍ ആളുകളില്‍ കൗതുകമുണര്‍ത്തും. സന്ധ്യയോടെ ഭഗവാന്റെ തിടമ്പേന്തിയ ആനകള്‍ തിരിച്ച് ആറാട്ടുപുഴ നദിയില്‍ പൂജകളുടേയും മന്ത്രങ്ങളുടേയും അകമ്പടിയോടെ എല്ലാ ദേവതകളും ആറാട്ടു നടത്തുകയും ചെയ്യുന്നു. ഏറ്റവും അവസാനം ശ്രീ ശാസ്താവിനാണ് ആറാട്ടു നടത്തുക.

കൊറ്റന്‍കുളങ്ങര ചമയവിളക്ക്

തികച്ചും വ്യത്യസ്തതയാര്‍ന്ന ഒരു ഉത്സവമാണ് കൊല്ലം ജില്ലയിലെ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെ കൊറ്റന്‍കുളങ്ങര ചമയവിളക്ക്. പുരുഷന്മാര്‍ ഉത്സവരാത്രിയില്‍ സുന്ദരികളായ സ്ത്രീകളെപ്പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യാഘോഷത്തോടെ ക്ഷേത്രത്തിലേക്കു വരിവരിയായി പോകുന്ന ചടങ്ങാണ് ഇത്. വളരെ ആകര്‍ഷകമായ ഈ ചടങ്ങില്‍ പങ്കെടുക്കുവാനും കാണുവാനുമായി ധാരാളം ആളുകള്‍ എത്താറുണ്ട്.

നീലംപേരൂര്‍ പടയണി

ആലപ്പുഴ ജില്ലയില്‍ നീലംപേരൂരിലെ പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ് നീലം പേരൂര്‍ പടയണി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പടയണി നടത്തി വരുന്നുണ്ട് എങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നീലം പേരൂര്‍ പടയണി. മലയാള മാസമായ ചിങ്ങത്തിലാണ് (ആഗസ്റ്റ് - സെപ്റ്റംബര്‍) ഈ ഉത്സവം നടക്കുന്നത്. പടയണി എന്ന വാക്കിന്റെ അര്‍ത്ഥം യോദ്ധാക്കളുടെ നിര എന്നാണ്. നിറങ്ങളുടേയും ആചാരങ്ങളുടേയും ഒരു സങ്കലനമാണ് നീലം പേരൂര്‍ പടയണിയില്‍ കാണാന്‍ കഴിയുക.

ഇതിഹാസ കഥാപാത്രങ്ങളുടേയും അരയന്നങ്ങളുടേയും രൂപങ്ങളെ കൊണ്ടുള്ള കെട്ടു കാഴ്ച ഒരു പ്രധാന ആകര്‍ഷണമാണ്. അരയന്നങ്ങളുടെ പ്രതിരൂപം നിര്‍മ്മിക്കുന്നതിനെ അന്നം കെട്ട് എന്നാണ് ഇവിടങ്ങളില്‍ പറയുക.

തൃക്കടവൂര്‍ ഉത്സവം

കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു ചെറുപട്ടണമാണ് തൃക്കടവൂര്‍. കൊല്ലത്തു നിന്ന് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃക്കടവൂരായി. ഇവിടെ സ്ഥിതിചെയ്യുന്ന ശ്രീ മഹാദേവര്‍ ക്ഷേത്രം ഈ ദേശത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു. ജില്ലയിലെ ശിവക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം ഈ അമ്പലത്തിനു തന്നെ. പത്തുദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികോത്സവം നാടിന്റെയാകെ ഉത്സവമാണ്. ഭക്തിനിര്‍ഭരമായ തിരുവാതിര മഹോത്സവവും വര്‍ണ്ണശബളമായ കെട്ടുകാഴ്ചയുമെല്ലാം ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു. ഇപ്പോള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുളള ഈ ക്ഷേത്രത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചൊരു ഐതീഹ്യമുണ്ട്.

മക്കളില്ലാതെ ദുഖിച്ചിരുന്ന ഋഷി മൃകണ്ടുവിന്റെയും പത്‌നിയുടെയും മുമ്പില്‍ ഒരു ദിവസം പരമേശ്വരന്‍ പ്രത്യക്ഷനായി. അല്പായുസ്സായ ഒരു ദിവ്യപുത്രനെയാണോ അതോ മന്ദബുദ്ധിയായ ദീര്‍ഘായുഷ്മാനെയാണോ വേണ്ടതെന്ന് ഭഗവാന്‍ ചോദിച്ചു. ഋഷിയാകട്ടെ ആദ്യത്തേതുമതിയെന്നു പറഞ്ഞു. അവര്‍ക്കു ജനിച്ച പുത്രന് മാര്‍ക്കണ്ഡേയനെന്ന് പേരിട്ടു. അവനായുസ്സു പതിനാറു വയസ്സുവരെ മാത്രം. വലിയൊരു ശിവഭക്തനായ മാര്‍ക്കണ്ഡേയന്റെ ഭുമിയിലെ അവസാന ദിനവുമെത്തി. ബാലന്‍ ശിവലിംഗത്തിനു മുമ്പില്‍ സര്‍വ്വം വിസ്മരിച്ച് പ്രാര്‍ത്ഥനാനിരതനായിരുന്നു. ഇതു മൂലം യമദൂതന് അവനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നു. ഒടുവില്‍ യമന്‍ നേരിട്ടെത്തി. മാര്‍ക്കണ്ഡേയന്റെ കഴുത്ത് ലക്ഷ്യമിട്ട് പാശത്തിന്റെ കുരുക്കെറിഞ്ഞു. വിധി വശാല്‍ കയറിന്റെ കുരുക്ക് വീണത് ശിവലിംഗത്തിലായിരുന്നു. ഉഗ്രകോപത്തോടെ ശിവന്‍ പ്രത്യക്ഷനായി. തുടര്‍ന്നു നടന്ന യുദ്ധാവസാനം മാര്‍ക്കണ്ഡേയന് ഒരിക്കലും മരണമില്ലെന്ന് യമന്‍ വാക്കു കൊടുക്കേണ്ടി വന്നു. സാക്ഷാല്‍ യമനെത്തന്നെ മരണ വക്രത്തിലെത്തിച്ചതിനാല്‍ ശിവന് കാലാന്തകന്‍ എന്ന പേരു കൂടി സിദ്ധിച്ചു. ഇതെല്ലാം നടക്കുന്നത് ഇന്നത്തെ തൃക്കടവൂരില്‍ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഓച്ചിറക്കളി

കേരളത്തില്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍പ്പെട്ട ഒരു ചെറു ഗ്രാമമാണ്‌ ഓച്ചിറ. ഇന്നിതൊരു ചെറുനഗരമാണെന്നു പറയാം. ഒരു നാടിന്റെ ഉത്സവായി ആഘോഷിക്കപ്പെടുന്ന 'ഓച്ചിറക്കളി' യഥാര്‍ത്ഥത്തില്‍ ഒരു ആയോധന കലാപ്രകടനമാണ്‌. പണ്ട്‌ രാജഭരണകാലത്ത്‌ സൈനിക പരിശീലനങ്ങളും യുദ്ധങ്ങളും അരങ്ങേറിയിരുന്നത്‌ വിശാലമായ മൈതാനങ്ങളിലായിരുന്നു. അവയെ പടനിലങ്ങളെന്നും വിളിച്ചിരുന്നു. അത്തരം ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുള്ള ഒരിടമാണ്‌ ഓച്ചിറ മൈതാനവും. വേണാട്ടു രാജാവും കായംകുളം രാജാവും തമ്മില്‍ യുദ്ധം നടന്നിട്ടുള്ളതും ഇവിടെ വെച്ചു തന്നെയായിരുന്നു. ഗതകാലത്തെ ഇത്തരം യുദ്ധങ്ങളുടെ വീരസ്‌മരണയുണര്‍ത്തുന്ന ഒരു ദേശീയോത്സവമാണ്‌ ഓച്ചിറക്കളി.

കൊല്ലം ജില്ലയില്‍ ഭരണിക്കാവ്‌, വള്ളിക്കുന്നം, പാലമേല്‍, പള്ളിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലും പണ്ടു പടനിലങ്ങളായിരുന്ന മൈതാനങ്ങള്‍ ഉണ്ടെങ്കിലും ഓച്ചിറയില്‍ മാത്രമാണ്‌ ഇതുപോലൊരു ആഘോഷം നടക്കുന്നത്‌.

ആദ്യകാലത്ത്‌ നായന്മാര്‍ക്കു മാത്രമേ ഓച്ചിറക്കളിയില്‍ പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഇന്ന്‌ എല്ലാ ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്‌. ഏതായാലും പുരുഷന്മാര്‍ക്കു മാത്രമേ ഇതില്‍ പങ്കാളികളാകാന്‍ കഴിയൂ. ഓച്ചിറയുടെ ഇരു കരകളിലും പണ്ട്‌ കളരികളും പരിശീലനത്തിനായി അനേകം അഭ്യാസികളും എത്താറുണ്ടായിരുന്നു. ആശാന്മാരും ശിഷ്യന്മാരുമടങ്ങുന്ന പഴയകാല അഭ്യാസികളുടെ പിന്തുടര്‍ച്ചക്കാരും പുതുതലമുറക്കാരുമൊത്തു ചേര്‍ന്ന്‌ ഓച്ചിറക്കളി കൂടുതല്‍ ജനകീയമായിക്കഴിഞ്ഞു.

എല്ലാ വര്‍ഷവും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ്‌ ഓച്ചിറക്കളി നടക്കുന്നത്‌. ഇതു മഴക്കാലമായതിനാല്‍ കളിക്കാര്‍ പലപ്പോഴും മുട്ടറ്റം വെള്ളത്തിലിറങ്ങി നിന്നാണ്‌ 'പയറ്റു' ചെയ്യുന്നത്‌. മുമ്പോട്ടു കയറിയുള്ള ആക്രമണവും തുടര്‍ന്നുള്ള പിന്മാറ്റവുമാണ്‌ യുദ്ധമുറ. പണ്ടത്തെ മാരകായുധങ്ങള്‍ രംഗത്തു നിന്നു പിന്മാറി. വാളിന്റെയും ശൂലത്തിന്റെയുമൊക്കെ സ്ഥാനങ്ങള്‍ നീണ്ട വടികളും മരത്തില്‍ നിര്‍മ്മിച്ച വാളിന്റെ മാതൃകകളും കരസ്ഥമാക്കി. അരയില്‍ ചുവന്ന വസ്‌ത്രവും കഴുത്തില്‍ മാലയും തലയില്‍ തൊപ്പിയുമായിരുന്നു പഴയ കാലത്തെ കളിക്കാരുടെ വേഷം.

വള്ളിയൂര്‍ക്കാവ്‌ ആറാട്ട്‌

മാനന്തവാടിയില്‍ നിന്നും 3 കിലോമീറ്റര്‍ മാറി വയനാട്ടിലെ ആദിവാസികളുടെ പ്രധാന ക്ഷേത്രമാണ്‌ വള്ളിയൂര്‍ക്കാവ്‌. ആദിപരാശക്തിയായ ദേവിക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ദേവിയെ മൂന്ന്‌ രൂപങ്ങളില്‍ ആരാധിച്ചു പോരുന്നു - വനദുര്‍ഗ്ഗ, ഭദ്രകാളി, ജലദുര്‍ഗ്ഗ. ക്ഷേത്രവുമായ്‌ ബന്ധപ്പെട്ട്‌ എല്ലാവര്‍ഷവും മാര്‍ച്ച്‌ മാസത്തില്‍ മപതിനാലു ദിവസം നീണ്ടുനില്‍ക്കുന്ന ആറാട്ട്‌ ഉത്സവം നടത്താറുണ്ട്‌.

ക്ഷേത്രത്തിലെ പ്രധാന പൂജാരി വള്ളിയൂര്‍ക്കാവിലമ്മയുടെ 'ഉടവാള്‍' പാണ്ടിക്കടവിനടുത്തുള്ള പളളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊണ്ടു വരുന്നതോടെയാണ്‌ ഉത്സവാഘോഷങ്ങള്‍ തുടങ്ങുന്നത്‌. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇവിടെ ഉത്സവം തുടങ്ങി ഏഴാമത്തെ ദിവസമാണ്‌ 'കൊടിയേറ്റ്‌' നടത്താറുള്ളത്‌. ആദിവാസികളുടെ മൂപ്പനാണ്‌ 'കൊടിയേറ്റം' നടത്തുന്നത്‌. ഉത്സവത്തിനോട്‌ അനുബന്ധിച്ച്‌ ഒരു പ്രധാന ചടങ്ങാണ്‌ കല്ലോടിയിലുള്ള ചേരാംകോട്‌ ഭഗവതി ക്ഷേത്രത്തില്‍ നിന്നുമുളള ഒപ്പന വരവ്‌ എഴുന്നളളത്ത്‌. വള്ളിയൂര്‍ക്കാവിലമ്മയുടെ ആറാട്ടിനായുള്ള ഇളനീര്‍ എഴുന്നളളത്തായ, അടിയറയാണ്‌ മറ്റൊരു ചടങ്ങ്‌.

ഉത്സവത്തിന്റെ അവസാന ദിവസം അരങ്ങേറുന്ന 'രുധിരക്കോലം' (ഭഗവതിയും ദാരികനും തമ്മിലുളള പ്രതീകാത്മകമായ യുദ്ധം നടക്കുകയും ഇതില്‍ ഭഗവതി വിജയിക്കുകയും ചെയ്യും) കഴിഞ്ഞ്‌ 'ഒപ്പന വരവ്‌' ചേരാംകോട്‌ ഭഗവതി ക്ഷേത്രത്തിലേക്ക്‌ തിരിച്ചു പോകുന്നതോടെ വള്ളിയൂര്‍ക്കാവ്‌ ആറാട്ട്‌ ഉത്സവം അവസാനിക്കും.

ഉത്സവത്തിനോട്‌ അനുബന്ധിച്ച്‌ എല്ലാ ദിവസവും രാത്രി കളമെഴുത്തും പാട്ടും, ഈടും കുറും - കോമരങ്ങളുടെ പ്രത്യേകതരം നൃത്തം, സോപനനൃത്തം തുടങ്ങിയ അനുഷ്‌ഠാനകലള്‍ അവതിരിപ്പിക്കാറുണ്ട്‌. കൂടാതെ വിവിധ ആദിവാസി കലാരൂപങ്ങും അരങ്ങേറാറുണ്ട്‌. 

നെന്മാറ വേല

വേലകളുടെ വേല നെന്മാറ വേല പാലക്കാട്‌ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം ഒരുക്കുന്ന 21 ദിവസത്തെ ദൃശ്യ വിരുന്ന്‌. നെന്മാറ, വല്ലങ്കി എന്നീ ദേശക്കാര്‍ ഒരുമിച്ചൊരേ മനസ്സോടെയാണ്‌ ഈ ഉത്സവം കൊണ്ടാടുന്നത്‌. ഉത്സവത്തിന്റെ അവസാനദിവസം നെന്മാറ ഭഗവതിയും, വല്ലങ്കി ശിവന്റെയും കണ്ടുമുട്ടലാണ്‌ വേലയുടെ പ്രധാനാകര്‍ഷണം. 30 ഗജവീരന്മാരുടെ നെറ്റിപ്പട്ടം ചൂടിയ പ്രൗഢഗംഭീരമായ എഴുന്നള്ളത്ത്‌ ഇവിടുത്തെ പ്രധാന കാഴ്‌ചയാണ്‌. കേരളത്തിന്റെ സാംസ്‌കാരിക മഹത്വത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന നെന്മാറ വല്ലങ്കി വേല തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യ വിസ്‌മയമാണ്‌.

മകരവിളക്ക്‌

കൈരളിയുടെ പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായ സഹ്യ മലനിരകള്‍ക്കു നടുവിലായി കുടികൊള്ളുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ തീര്‍ത്ഥാടന കേന്ദ്രമാണ്‌ ശബരിമല ശ്രീ ധര്‍മ്മശാസ്‌താ ക്ഷേത്രം. നവംബര്‍ ജനുവരി മാസങ്ങള്‍ക്കിടയിലാണ്‌ ഇവിടേക്ക്‌ തീര്‍ത്ഥാടകരുടെ പ്രവാഹം ഉണ്ടാകുക. മകരം ഒന്നാം തീയതി നടക്കുന്ന മകരവിളക്ക്‌ ഇവിടുത്തെ പ്രധാന ഉത്സവമാണ്‌. കഠിനമായ വൃതാനുഷ്ടാങ്ങള്‍ അനുഷ്‌ഠിച്ചു മാത്രമേ ഭക്‌തര്‍ അയ്യപ്പ സന്നിധിയില്‍ എത്തിച്ചേരുകയുള്ളൂ. ജാതി, മത, നിറഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ കറുത്ത മുണ്ടും ധരിച്ചു, അരിയും മലരും നെയ്യും കര്‍പ്പൂരവും തേങ്ങയില്‍ നിറച്ച്‌ ഇരുമുടി കെട്ടുമായ്‌ ആണ്‌ തീര്‍ത്ഥാടനം ആരംഭിക്കുക.

മലനട കെട്ടുകാഴ്‌ച

ചരിത്രപ്രസിദ്ധമായ മലനട പൊരുവഴി അമ്പലത്തില്‍ മറ്റു ക്ഷേത്രത്തില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌ അവിടുത്തെ ആരാധനാ മൂര്‍ത്തിതന്നെയാണ്‌. ഭാരത ഇതിഹാസമായ മഹാഭാരതത്തിലെ പ്രതിനായക കഥാപാത്രമായ ദുര്യോധനനെയാണിവിടെ ആരാധിച്ചു പോരുന്നത്‌. ക്ഷേത്രത്തില്‍ പ്രത്യേകമായൊരു പ്രതിഷ്‌ഠയോ ശ്രീകോവിലോ ഇല്ല എന്നതാണ്‌ ഇവിടുത്തെ മറ്റൊരു പ്രത്യേകത. മാര്‍ച്ചുമാസത്തിലരങ്ങേറുന്ന എട്ടു ദിവസത്തെ `മലക്കുട' ഉത്സവത്തിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്‌ചയാണ്‌ പ്രധാന ആകര്‍ഷണം. തിളക്കവും മിനുക്കുമുള്ള വര്‍ണ്ണാഭമായ കെട്ടുകാഴ്‌ച പരമ്പരാഗത വാദ്യോപകരങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ആയിരങ്ങളെ അതിശയിപ്പിക്കുന്ന അവിസ്‌മരണീയതയാണ്‌. ആവേശത്തോടെ ഗ്രാമവാസികള്‍ പടുത്തുയുര്‍ത്തുന്ന 70 മുതല്‍ 80 വരെ അടി ഉയരംവരുന്ന ഈ കെട്ടുകാഴ്‌ചകള്‍ രഥത്തിന്റെ സഹായത്തോടെയോ ആളുകള്‍ തോളിലേറ്റിയോ ആണ്‌ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌.

ആറന്മുള വള്ളസദ്യ

രുചി വൈവിധ്യങ്ങളുടെ നിറക്കൂട്ടുകൊണ്ട്‌ ലോകജനതയ്‌ക്കു മുന്‍പില്‍ മഹോത്‌സവം സൃഷ്ട്‌ടിച്ച മലയാളികളുടെ ഭക്ഷണ മാമാങ്കം - ആറന്മുള വള്ളസദ്യ. പത്തനംതിട്ട ജില്ലയിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്‌ വള്ളസദ്യ. കരക്കാരുടെ സമര്‍പ്പണമായാണ്‌ വള്ളസദ്യ നടത്തിപോരുന്നത്‌. രുചിയുടെ പെരുമ വിളിച്ചോതുന്ന 70 ലേറെ വിഭവങ്ങളാണ്‌ സദ്യക്കു വിളമ്പുക. സദ്യയ്‌ക്കായ്‌ ആയിരങ്ങളാണിവിടെ എല്ലാ വര്‍ഷവും എത്തിച്ചേരുക. വള്ളപ്പാട്ട്‌ പാടി ഭഗവാന്‍ പാര്‍ത്ഥസാരഥിയെ തൊഴുതുവണങ്ങി തുഴക്കാര്‍ സദ്യ കഴിച്ചുമടങ്ങുന്നു. വള്ളസദ്യയുടെ പ്രൗഢി വള്ളപ്പാട്ടിന്റെയും, ആരവത്തിന്റെയും, ആര്‍പ്പുവിളികളുടെയും ചുവടുകളുടെയും ആവേശത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വള്ളപ്പാട്ടിന്റെ ഈണത്തില്‍ പാട്ട്‌ പാടി വിഭവമാവിശ്യപ്പെടുന്നതും സദ്യയുടെ ഭാഗമാണ്‌. വള്ളസദ്യയ്‌ക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത്‌ ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗമാണ്‌.

ആനയൂട്ട്‌

കേരള സാംസ്‌കാരിക പൈതൃകത്തില്‍ ഗജവീരന്മാര്‍ക്കു ഒഴിച്ചു കൂടാന്‍ കഴിയാത്ത സ്ഥാനം തന്നെയാണുള്ളത്‌. ഗംഭീര്യത്തോടെ നെറ്റിപ്പട്ടം കെട്ടി തലയുയര്‍ത്തി നില്‍ക്കുന്ന വീരന്‍മാര്‍ ക്ഷേത്ര മഹോത്സവങ്ങളുടെ കീര്‍ത്തിയുടെയും യശസ്സിന്റെയും പ്രതീകങ്ങളാണ്‌. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഭഗവാനുള്ള സമര്‍പ്പണമായാണ്‌ ആനയൂട്ട്‌ നടത്തിപ്പോരുന്നത്‌. ഉത്സവത്തോടനുബന്ധിതമായൊരു ദിവസം ആനകളെ ക്ഷേത്രസന്നിധിയിലെത്തിച്ചു പ്രത്യേകമായ ആയൂര്‍വേദ വിധിപ്രകാരം ശര്‍ക്കര, നെയ്യ്‌, തേങ്ങാ, കരിമ്പ്‌, അരി എന്നിവ ചേര്‍ത്തു തയ്യാറാക്കപ്പെട്ട സദ്യ നല്‍കി ആരാധിക്കുന്നു. അണിനിരന്നു നില്‍ക്കുന്ന ഗജവീരന്മാര്‍ക്കുമുന്നില്‍ ആയിരങ്ങള്‍ സമര്‍പ്പണവുമായി കാത്തുനില്‍ക്കുന്നു.

ഗജവദനനായ വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‌പത്തില്‍ അധിഷ്‌ഠിതമായാണ്‌ ആചാരം നടത്തിപ്പോരുന്നത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍