ആടിവേടൻ | Aadi Vedan

ചില പ്രദേശങ്ങളിൽ കർക്കടകമാസം കെട്ടിയാടുന്ന ഒരു തെയ്യങ്ങൾ ആണ് ആടിയും വേടനും. സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു. പാർവ്വതീരൂപമായ ആടിത്തെയ്യത്തെ കർക്കിടോത്തി എന്നും വിളിക്കുന്നു.


അത്യുത്തരകേരളജനതയുടെ വിശ്വാസദീപ്തിയുടെ മാസ്മരപ്രതീകമാണ് വേടൻ തെയ്യം. കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തുന്ന ആടിവേടൻ .ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന വേടൻപ്പാട്ടിൻറെ താളത്തിൽ ആടിവേടൻ ആടുമ്പോൾ വീടുകളിൽ കൊടികുത്തിവാഴുന്ന, വിനാശകാരിയായ ദോഷങ്ങൾ വാരിവിതറുന്ന, ചേഷ്ടകൾ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുമെന്നു പൊതുവിശ്വാസം. ചെറിയ കുട്ടിയാണ് വേടൻ വേഷമണിയുക. ചുവന്ന പട്ടുടുത്ത് മെയ്യാഭരണങ്ങളണിഞ്ഞു തിരുമുടിയിൽ നാഗബിംബവുമാണ് വേടൻറെ വേഷം. പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു ആദിവേടൻറെ ഇതിവൃത്തം. ഒരു വ്യാഴവട്ടക്കാലത്തെ വനവാസക്കാലത്തിനിടയിൽ അർജുനനൻ ശിവപ്രീതിനേടി പാശുപതാസ്ത്രം കരസ്ഥമാക്കാനുള്ള പൂജ തുടങ്ങി. എന്നാൽ തൻറെ ഭക്തനെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മഹേശ്വരനും മഹേശ്വരിയും കിരാതവേഷം പൂണ്ട് ആ വനത്തിൽ എത്തി. തപസ്സിനിടയിൽ ഒരു കാട്ടുപന്നി തൻറെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അർജുനനൻ അതിനുനേരെ അസ്ത്രം പ്രയോഗിച്ചു. ഇതുകണ്ട് കിരാതവേഷധാരിയായ പരമശിവനും പന്നിക്കുനെരെ അമ്പേയ്തു.

അമ്പേറ്റു പന്നി നിലത്തുവീണു. പക്ഷെ പന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കിരാതനും അർജുനനും തമ്മിൽ വഴക്കായി. ആ വഴക്ക് യുദ്ധത്തിന് വഴിവെച്ചു. കിരാതൻറെ അമ്പേറ്റു വില്ലാളിവീരനാം കുന്തീപുത്രൻ ബോധരഹിതനായിവീണു. പിന്നെ ബോധം തിരിച്ചുവന്നപ്പോൾ വെറുമൊരു കിരാതനോട് ഏറ്റുമുട്ടി അമ്പേറ്റുവീണത്‌ അർജുനനിൽ നാണക്കേടുളവാക്കി. കിരാതനെ തോല്പ്പി ക്കുവാനുള്ള ശക്തിനേടുവാനായി വിജയൻ ശിവലിംഗമുണ്ടാക്കി ഗന്ധപുഷപാദികൾ അർപ്പിച്ചുകൊണ്ട് പൂജ തുടങ്ങി . പക്ഷെ ശിവലിംഗത്തിൽ അർപ്പിച്ച പുഷ്പങ്ങളെല്ലാം ചെന്ന് വീണത്‌ കിരാതൻറെ മെയ്യിൽ. ഒടുവിൽ ശ്രീപരമേശ്വരനാണ് തന്നെ പരീക്ഷിക്കാൻ കിരാതരൂപിയായി വന്നതെന്ന് മനസ്സിലാക്കിയ അർജുനനൻ ഉമാമഹേശ്വരന്മാരുടെ കാൽക്കൽ വീണു നമസ്കരിച്ചു. തൻറെ വത്സനിൽ സംപ്രീതരായ അർദ്ധനാരീശ്വരന്മാർ പാർഥന് പാശുപതാസ്ത്രം സമ്മാനിച്ചുകൊണ്ട് കൈലാസത്തിലേക്ക് മടങ്ങി. മഹാദേവൻറെ ഈ കിരാതരൂപമാണത്രേ ആദിവേടനായി ഗൃഹസന്ദർശനം നടത്തുന്നത് .......................

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍