തലശ്ശേരി കോട്ട
- വ്യാപാര തലസ്ഥാനം കോഴിക്കോട്ടുനിന്നു തലശ്ശേരിയിലേക്ക് മാറ്റിയ ബ്രിട്ടീഷുകാർ ഇന്നത്തെ കണ്ണൂർ ജില്ലയുടെ ഭാഗമായ തലശേരിയിൽ 1705 ലാണ് കോട്ട നിർമിച്ചത്. ചതുരാകൃതിയിൽ ചെങ്കല്ലുകൊണ്ടാണ് ഇതിന്റെ നിർമ്മാണം.
പാലക്കാട് കോട്ട
- പാലക്കാട് നഗരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ കോട്ട നിർമിച്ചത് 1760 കളിൽ ഹൈദർ അലിയാണ്.
ഹോസ്ദുർഗ് കോട്ട
- കാസർകോട് ജില്ലയിൽ സ്ഥിതിചെയ്യുന്നു. പണ്ടത്തെ നീലേശ്വരം രാജ്യമാണ് ഇന്നത്തെ ഹോസ്ദുർഗ് താലൂക്ക്. ബദ്നോനായിക്കനായ സോമശേഖരനാണ് ഇവിടെ 1731 ൽ ഈ കോട്ട നിർമിച്ചത്.
പള്ളിപ്പുറം കോട്ട
- ആയകോട്ട, അഴീക്കോട്ട എന്നീ പേരുകളിലും അറിയപ്പെടുന്ന പള്ളിപ്പുറം കോട്ട നിർമിച്ചതു പോർച്ചുഗീസുകാരാണ്. 1503ൽ നിർമിക്കപ്പെട്ട ഈ കോട്ട ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന യൂറോപ്യൻ കോട്ടയായി കണക്കാക്കുന്നു. ഷട്കോണാകൃതിയിലാണ് നിർമിതി. എറണാകുളം ജില്ലയുടെ ഭാഗമായ വൈപ്പിനിലാണ് പള്ളിപ്പുറം കോട്ട.
ചന്ദ്രഗിരി കോട്ട
- ഈ കോട്ട പണികഴിപ്പിച്ചത് ശിവപ്പ നായ്ക്കനാണെന്ന് വിശ്വസിക്കുന്നു. കാസർകോട് ജില്ലയിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
ചാലിയം കോട്ട
- പഴയ നാട്ടുരാജ്യമായ വെട്ടത്തുനാട്ടിൽ പോർച്ചുഗീസുകാർ 1531ൽ നിർമിച്ചതാണു ചാലിയം കോട്ട.
ബേക്കൽ കോട്ട
- കാസർകോട് ജില്ലയിലെ പള്ളിക്കര വില്ലേജിൽ കടൽത്തീരത്തായി സ്ഥിതിചെയ്യുന്നു. ബെദ്നോറിലെ ശിവപ്പനായ്ക്കനാണ് ഈ കോട്ട പണികഴിപ്പിച്ചതെന്ന് കരുതുന്നു.
കൊടുങ്ങല്ലൂർ കോട്ട
- 1523-ലാണ് പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ കോട്ടനിർമിച്ചത്. പാലിയത്തച്ചന്റെ സഹായത്തോടെ ഡച്ചുകാർ ഈ കോട്ട കീഴടക്കി.
മരയ്ക്കാർ കോട്ട
- കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ സാമൂതിരിയുടെ അനുവാദത്തോടെ കോഴിക്കോട്ട് കോട്ടയ്ക്കലിൽ നിർമിച്ച കോട്ടയാണ് മരയ്ക്കാർ കോട്ട എന്നറിയപ്പെടുന്നത്.
സെന്റ് ആഞ്ചലോ കോട്ട (കണ്ണൂർ കോട്ട)
- ഇന്നത്തെ കണ്ണൂർ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സെന്റ് ആഞ്ചലോ കോട്ട സ്ഥിതിചെയ്യുന്നു. കണ്ണൂർകോട്ട എന്നും ഇതറിയപ്പെടുന്നു. 1505 ൽ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡോൺ ഫ്രാൻസിസ്‌കോഡി അൽമേഡ ത്രികോണാകൃതിയിൽ ചെങ്കല്ലുകൊണ്ട് കോട്ട നിർമിച്ചു.
അഞ്ചുതെങ്ങ് കോട്ട
- 1690ൽ ഇംഗ്ലീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട കെട്ടാനുള്ള അവകാശം ആറ്റിങ്ങൽ റാണിയിൽ നിന്നു ലഭിച്ചു. 1695ൽ കോട്ടയുടെ നിർമാണം പൂർത്തിയായി. ചതുരാകൃതിയിലാണ് ഈ കോട്ടനിർമിച്ചിരിക്കുന്നത്.
കുമ്പള ആരിക്കാടി കോട്ട
- കാസർഗോഡ് - മംഗലാപുരം റൂട്ടിൽ കുമ്പളയ്ക്കടുത്ത് ദേശീയപാത 17-നരികിലായി സ്ഥിതിചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിൽ വെങ്കിടപ്പനായ്ക്കാണ് ആരിക്കാടി കോട്ട കെട്ടിയതെന്നാണ് വിശ്വാസം. പിന്നീട് വന്ന ശിവപ്പനായ്ക്ക് ഈ കോട്ട പുതിക്കുപണിതു.
ഹരിശ്ചന്ദ്ര കോട്ട
- കണ്ണൂർ ജില്ലയിലെ പുരളിമലയിൽ ഒരു കോട്ടയുടെ അവശിഷ്ടമുണ്ട്. അതാണ് ഹരിശ്ചന്ദ്ര കോട്ട.
പൊവ്വൽ കോട്ട
- കാസർകോട് ജില്ലയിലുള്ള മറ്റൊരു കോട്ടയാണ് പൊവ്വൽ കോട്ട. ഇക്കേരി രാജാക്കന്മാരാണ് കോട്ട നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, ടിപ്പു സുൽത്താനാണ് ഈ കോട്ട പണിതതെന്നും അഭിപ്രായമുണ്ട്.
വളപട്ടണം കോട്ട
- കണ്ണൂർ ജില്ലയിൽ കാട്ടാമ്പള്ളിപ്പുഴയുടെ തീരത്താണ് ഈ കോട്ട. വല്ലഭൻ എന്ന കോലത്തിരി പണിതതിനാലാണ് കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശം വളപട്ടണം എന്നറിയാൻ തുടങ്ങിയത്.
ധർമടം കോട്ട
- കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിലുള്ള സ്ഥലമാണ് ധർമടം. ഇവിടെ സ്ഥിതിചെയ്തിരുന്ന കോട്ടയാണ് ധർമടം കോട്ട. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശം ഒരു തുറമുഖപട്ടണമായിരുന്നു. ചേരമാൻകോട്ട, വലിയ കുന്നുമ്പ്രത്തെ ചെങ്കൽ കോട്ട എന്നിങ്ങനെയും ഈ കോട്ടയ്ക്ക് പേരുകളുണ്ട്.
പഴശ്ശി കോട്ട
- കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് പഴശ്ശിയിൽ കോട്ടക്കുന്ന് എന്ന സ്ഥലത്താണ് പഴശ്ശി കോട്ട ഉണ്ടായിരുന്നത്. കേരളവർമ പഴശ്ശിരാജ നിർമിച്ച കോട്ടകളിൽ ഒന്നാണിത്. കോട്ടയും കൊട്ടാരവും പിന്നീട് ബ്രിട്ടീഷുകാർ തകർത്തു.
ഏഴിമല കോട്ട
- കണ്ണൂർ ജില്ലയിലെ രാമന്തളി ജുമാമസ്ജിദിന് തെക്ക് ഭാഗത്ത് കോട്ടപ്പറമ്പ് എന്ന സ്ഥലത്താണ് ഈ കോട്ടയുണ്ടായിരുന്നത്. വാസ്കോ ഡ ഗാമയുടെ മൂന്നാം പര്യടനവേളയിൽ 1524-ലാണ് പോർച്ചുഗീസുകാർ ഈ കോട്ട പണിതത്.
കടലായിക്കോട്ട
- കോലത്തിരി രാജവംശത്തിലെ വളഭ പെരുമാൾ കണ്ണൂർ ജില്ലയിലെ കടലായിയിൽ നിർമിച്ച കോട്ടയാണ് കടലായിക്കോട്ട.
തളിപ്പറമ്പ് കോട്ട
- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് അരകിലോ മീറ്റർ അകലെയായി തളിപ്പറമ്പ് കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ടിപ്പുവിന്റെ കോട്ടയെന്നാണ് ഇതിനെ പ്രദേശവാസികൾ വിളിക്കുന്നത്.
കല്ലായിക്കോട്ട
- കല്ലായിപ്പുഴയുടെ വടക്ക് പോർച്ചുഗീസുകാർ കെട്ടിയ കോട്ടയാണ് കല്ലായിക്കോട്ട.
പായ്യം കോട്ട
- കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പായ്യത്ത് ഉണ്ടായിരുന്ന കോട്ടയാണ് പായ്യം കോട്ടം. പതിനേഴാം നൂറ്റാണ്ടിൽ ചിറക്കൽ രാജവംശത്തിന്റെയും പിന്നീട് അറയ്ക്കൽ രാജവംശത്തിന്റെയും പടനായകനായ മുരിക്കഞ്ചേരി കേളുവാണ് ഈ കോട്ട നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നത്.
സെന്റ് ജോർജ് കോട്ട
- ഫ്രഞ്ചുകാർ 1739 ഡിസംബറിൽ മാഹിയിൽ നിർമിച്ച കോട്ടയാണ് സെന്റ് ജോർജ് കോട്ട.
കുറ്റ്യാടിക്കോട്ട
- കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ടിപ്പു സുൽത്താൻ ഒരു കോട്ട കെട്ടിയതായി ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നു. ഇതാണ് കുറ്റ്യാടിക്കോട്ട എന്നറിയപ്പെടുന്നത്. ഈ കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നില്ല.
നെടുങ്കോട്ട
- മൈസൂർ ആക്രമണത്തെ ചെറുക്കാൻ തിരുവിതാംകൂറിന്റെ വടക്കേ അതിർത്തികളിൽ സഹ്യപർവ്വതം മുതൽ വൈപ്പിൻ ദ്വീപുവരെ കെട്ടിയ പടുകൂറ്റൻ കോട്ടയാണ് നെടുങ്കോട്ട. 'തിരുവിതാംകൂർ ലൈൻസ്' എന്ന പേരിലും ഇതറിയപ്പെടുന്നു. ധർമ്മരാജാ കാർത്തിക തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു കോട്ടയുടെ നിർമാണം.
വടകരക്കോട്ട
- കോഴിക്കോട് പട്ടണത്തിൽ കോട്ടപ്പുഴയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്തിരുന്ന കോട്ടയാണിത്. 1703 ലാണ് ചെങ്കല്ല് കൊണ്ട് നിർമിച്ച ഈ കോട്ട പണിതത്. ഇന്ന് ഈ കോട്ടയുടെ ശേഷിപ്പുകളൊന്നും ബാക്കിയില്ല.
ബാണന്റെ കോട്ട
- തൃശൂർ ജില്ലയിലെ വെള്ളനിമുടി മലയിൽ കാടിനുള്ളിലാണ് ബാണന്റെ കോട്ട. വലിയ ശിലാപാളികൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. ദൈവിക ചടങ്ങുകൾക്കായി കാട്ടുവാസികൾ നിർമിച്ചതാണ് ഈ കോട്ടയെന്ന് കരുതപ്പെടുന്നു.
പാപ്പിനിവട്ടം കോട്ട
- സാമൂതിരി നിർമിച്ച കോട്ടയാണ് കോഴിക്കോട് ജില്ലയിലെ പാപ്പിനിവട്ടം കോട്ട. ഡച്ചുകാരുമായുള്ള യുദ്ധത്തിൽ ഈ കോട്ട തകർന്നുപോയി.
ചേറ്റുവ കോട്ട
- 1714 ൽ തൃശ്ശൂരിലെ ചേറ്റുവയിൽ ഡച്ചുകാർ നിർമിച്ച കോട്ടയാണ് ചേറ്റുവ കോട്ട. ചെങ്കല്ല് കൊണ്ടുള്ള കോട്ടയ്ക്ക് 'ഫോർട്ട് വില്യം' എന്നാണ് ഡച്ചുകാർ പേരിട്ടത്. കാലക്രമേണ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. ഇപ്പോൾ കോട്ടയുടെ അവശിഷ്ടങ്ങളെ കാണാനുള്ളൂ.
കൊച്ചി കോട്ട
- കൊച്ചി കടൽത്തീരത്തെ ഒരു കുന്നിൻപുറത്ത് 1503 ൽ പോർച്ചുഗീസുകാർ പണിത കോട്ടയാണ് കൊച്ചി കോട്ട. അന്നത്തെ പോർച്ചുഗൽ രാജാവിന്റെ ഓർമയ്ക്ക് ഇമ്മാനുവൽ എന്ന് കോട്ടയ്ക്ക് പേരിടുകയും ചെയ്തു. 1663 ൽ നടന്ന യുദ്ധത്തിൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തോൽപ്പിച്ച് കോട്ട പിടിച്ചെടുത്തു. 1795 ഒക്ടോബർ ഇരുപതാം തീയതി ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുക്കുകയും പിന്നീട് തകർക്കുകയും ചെയ്തു.
തങ്കശ്ശേരിക്കോട്ട
- 1519 ൽ കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിലായിരുന്നു പോർച്ചുഗീസുകാർ ഈ കോട്ട പണിതത്. ഇതിന് സെന്റ് തോമസ് എന്ന് പേരിടുകയും ചെയ്തു. പിൽകാലത്ത് ഡച്ചുകാർ തങ്കശ്ശേരിക്കോട്ട കീഴടക്കി. കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ.
പട്ടമന കോട്ട
- പറവൂർ രാജാവിന്റെ കൊട്ടാരത്തിന് ചുറ്റും കാണപ്പെട്ട കോട്ടയാണ് പട്ടമന കോട്ട. ഈ കൊട്ടാരവും കോട്ടയും ഇന്നില്ല.
പുത്തൻകോട്ട
- എറണാകുളം ജില്ലയിലെ കോതമംഗലത്തിനും മൂവാറ്റുപുഴയ്ക്കും ഇടയിൽ സ്ഥിതിചെയ്തിരുന്ന കോട്ടയാണ് പുത്തൻകോട്ട.
തിരുവനന്തപുരം കോട്ട
- 1747 ൽ മാർത്താണ്ഡവർമ പണിതതാണ് ഈ കോട്ട. തിരുവനന്തപുരം നഗരത്തെ ചുറ്റി നിൽക്കുന്ന കോട്ടയുടെ ഭാഗങ്ങൾക്ക് കിഴക്കേ കോട്ട, പടിഞ്ഞാറേ കോട്ട, തെക്കേ കോട്ട, വടക്കേ കോട്ട എന്നിങ്ങനെ പേര് നൽകിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ചുറ്റിയുണ്ടാക്കിയ കോട്ടയുടെ ഗോപുരവാതിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് കിഴക്കേകോട്ട.
ന്യൂ ഓറഞ്ച് കോട്ട
- വൈപ്പിനിൽ ഡച്ചുകാർ നിർമിച്ച കോട്ടയാണ് ന്യൂ ഓറഞ്ച് കോട്ട. കൊച്ചി കോട്ടയെ എതിരിടാനായി വൈപ്പിനിലെത്തി അതിന്റെ അക്കരെ കെട്ടിയ കോട്ടയാണിത്. പോർച്ചുഗീസുകാരാണ് ഈ കോട്ട കെട്ടിയതെന്ന് ഒരു വാദമുണ്ട്.
മറുനാടൻ കോട്ടകൾ
വട്ടക്കോട്ട
- 'അതിർത്തിയിലെ കോട്ട' എന്നാണ് വട്ടക്കോട്ട എന്നതിന്റെ അർത്ഥം. കന്യാകുമാരിയിൽ ആണ് ഈ കോട്ട. കടലിൽനിന്നുള്ള ആക്രമണത്തെ ചെറുത്തുനിൽക്കാനായി മാർത്താണ്ഡവർമയുടെ സൈന്യാധിപനായിരുന്ന ഡിലനോയിയുടെ മേൽനോട്ടത്തിൽ നിർമിച്ച കോട്ടയാണിത്.
ഉദയഗിരിക്കോട്ട
- നാഗർകോവിലിലേക്ക് പോകുന്ന വഴിയിൽ പുലിയൂർ കുറിച്ചിയിലെ വേളിമല താഴ്വരയിലാണ് ഉദയഗിരിക്കോട്ട സ്ഥിതിചെയ്യുന്നത്. 1600 ലാണ് ഇതിന്റെ നിർമാണമെന്ന് ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു. പിൽകാലത്ത് കുളച്ചൽ യുദ്ധത്തിനു ശേഷം സമചതുരാകൃതിയിൽ മാർത്താണ്ഡവർമ പുതുക്കി നിർമിച്ച കോട്ടയാണിത്. ഉദയഗിരി എന്ന് പേരുമിട്ടു. തിരുവിതാംകൂറിലെ വലിയ പടത്തലവനായ ഡിലനോയിയുടെ മേൽനോട്ടത്തിലാണ് ഉദയഗിരി കോട്ടയുടെ പണി പൂർത്തിയായത്.
പത്മനാഭപുരം കോട്ട
- പത്മനാഭപുരം കൊട്ടാരത്തിന്റെ സംരക്ഷണത്തിനായി മാർത്താണ്ഡവർമ പണികഴിപ്പിച്ച കോട്ടയാണിത്. കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടയും കൊട്ടാരവും കേരള പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് ഇപ്പോഴുള്ളത്. മാർത്താണ്ഡവർമയാണ് പത്മനാഭപുരം എന്ന് പേരിട്ടത്.