ഇന്ദിര - ജീവിതവും കാലവും | Indira Gandhi | Life Of Indira Gandhi

ഇന്ദിര - ജീവിതവും കാലവും


    1984 ഒക്ടോബർ 31 ന് രാവിലെ ഇന്ദിരാഗാന്ധി ഡൽഹിയിൽ സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽനിന്ന് തൊട്ടടുത്തുള്ള അക്ബർ റോഡിലെ ഒന്നാം നമ്പർ വസതിയിലേക്ക് നടക്കാനിറങ്ങിയതിന്റെ പ്രധാനകാരണം ബ്രിട്ടീഷ് നാടകകൃത്ത് പീറ്റർ ഉസ്തിനോവിന്റെ ടെലിവിഷൻ സംഘവുമായുള്ള അഭിമുഖമായിരുന്നു. അക്ബർറോഡിലെ ഒന്നാം നമ്പർ മന്ദിരത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അവിടെയുള്ള വിശാലമായ പുൽത്തകിടിയിൽ കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കി പീറ്റർ ഇന്ദിരയെ കാത്തിരുന്നു.

    ഓപ്പറേഷൻ ബ്ലൂസ്റ്റാറും ഖലിസ്താൻ തീവ്രവാദവും ഇന്ദിരയുടെ ജീവന് ഭീഷണിയുയർത്തിയിരുന്നു അതുകൊണ്ടുതന്നെ ബ്ലൗസിനുള്ളിൽ ബുള്ളറ്റ് പ്രഫ് ജാക്കറ്റ് ധരിക്കാതെ ആ ദിവസങ്ങളിൽ ഇന്ദിര പുറത്തിറങ്ങുമായിരുന്നില്ല. പക്ഷേ, അന്ന് ടെലിവിഷൻ ഇന്റർവ്യൂവിന് പോവുകയായിരുന്നതുകൊണ്ട് ഇന്ദിര ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വേണ്ടെന്നുവെച്ചു. വീട്ടിനുള്ളിൽനിന്ന് ഇറങ്ങി ഒരു മിനിറ്റുകൊണ്ട് ഇന്ദിര വിക്കറ്റ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇൻസ്പെക്ടർ ബിയാന്ത്സിങ് നിൽപ്പുണ്ടായിരുന്നു.

    കഴിഞ്ഞ ഒമ്പതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്തിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോൾവറിൽനിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനുനേർക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോൾ സത്വന്ത് സിങ് എന്ന കോൺസ്റ്റബിൾ തന്റെ സ്റ്റെൺഗണ്ണിൽനിന്ന് ഇന്ദിരയുടെ നേർക്ക് വെടിയുണ്ടകൾ തുരുതുരാ ഉതിർത്തു.

    ഇന്ദിരയെ അവസാനിപ്പിച്ചു എന്ന് ബോധ്യമായപ്പേൾ കൈകൾ ഉയർത്തിപ്പിടിച്ച് ബിയാന്ത് സിങ് പറഞ്ഞു. 'ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തു. ഇനി നിങ്ങൾക്ക് ചെയ്യേണ്ടത് നിങ്ങൾക്ക് ചെയ്യാം.' അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ഇന്ത്യൻ പട്ടാളത്തെ അയച്ചതിനുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്. ഏകദേശം 78 മീറ്ററുകൾ മാത്രം അപ്പുറത്തുണ്ടായിരുന്ന പീറ്റർ ഉസ്തീനോവ് വെടിയൊച്ച കൃത്യമായി കേട്ടു.

    1917 നവംബർ 19 നു തുടങ്ങിയ ജീവിതമാണ് 67 വർഷങ്ങൾക്കു ശേഷം സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ അവസാനിച്ചത്. ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാൽ നെഹ്രു എന്നായിരിക്കും ഉത്തരം. എന്നാൽ, ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുക യും ചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ അതിനുത്തരം ഇന്ദിരാഗാന്ധി എന്നായിരിക്കും.

    വിസ്മയകരമായിരുന്നു ഇന്ദിരയുടെ ജീവിതം. അധികാരത്തിന്റെ ആസക്തികൾക്കടിപ്പെടുകയും എന്നാൽ, പലപ്പോഴും തീർത്തും ഏകാന്തമായ ദുഃഖത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ഇന്ദിരയുടെ വൈവിധ്യമാർന്ന ജീവിതത്തിലൂടെയുള്ള യാത്രയാണ് ഇന്ദർ മൽഹോത്ര യുടെ 'ഇന്ദിരാഗാന്ധി: എ പേഴ്സ്സണൽ ആൻഡ് പൊളിറ്റിക്കൽ ബയോഗ്രഫി' എന്ന ഗ്രന്ഥം. ദീർഘകാലം സ്റ്റേറ്റ്സ്മാനിലും ടൈംസ് ഒഫ് ഇന്ത്യയിലും പത്രപ്രവർത്തകനായിരുന്ന ഇന്ദറിന് ഇന്ദിരയുമായും നെഹ്രു കുടുംബത്തിലെ മറ്റ് അംഗങ്ങളുമായും അടുത്ത പരിചയമുണ്ടായിരുന്നു.

    1960-കളുടെ മധ്യത്തിലാണ് ഇന്ദറിനെ ഫിറോസ് ഗാന്ധി ഇന്ദിരയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്നുതുടങ്ങിയ സുഹൃദ്ബന്ധം അടിയന്തരാവസ്ഥക്കാലമൊഴിച്ചാൽ ഇന്ദിരയുടെ അവസാനനാളുകൾ വരെ തുടർന്നുവെന്ന് ഇന്ദർ മൽഹോത്ര തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. ഇന്ദിരയുടെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ ഗ്രന്ഥം എന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോൺ കെന്നത്ത് ഗാൽബ്രിയത്ത് ഇന്ദർ മൽഹോത്രയുടെ രചനയെക്കുറിച്ച് പറഞ്ഞത്. ഒരിന്ത്യക്കാരനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ ഏറ്റവും സുന്ദര മായ ഗ്രന്ഥങ്ങളിൽ ഒന്നെന്ന് സൺഡെയും പുകഴ്ത്തിയത് വെറുതെയല്ലെന്ന് ഇന്ദറിന്റെ പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ നമ്മളറിയുന്നുണ്ട്. 

    1989-ൽ ആദ്യം പുറത്തുവന്ന ഈ ഗ്രന്ഥം പുതിയ അധ്യായ ങ്ങൾ കൂട്ടിച്ചേർത്താണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നെഹ്രുവിന്റെയും കമലയുടെയും മകൾ

    ജവാഹർലാൽ നെഹ്രുവായിരുന്നു ഇന്ദിരയുടെ ജിവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്ന് വി ലയിരുത്തപ്പെടുന്നുണ്ട്. ഈ നിരീക്ഷണം, മൽഹോത്ര നിഷേധിക്കുന്നില്ല. പക്ഷേ, ഇന്ദിരയുടെ വ്യക്തിത്വത്തിന്റെ അടിത്തറ രൂപപ്പെടുന്നതിൽ നിർണായക പങ്കുവഹിച്ചത് മുത്തച്ഛനായ മോത്തിലാലും അമ്മയായ കമലയുമാണെന്ന് മൽഹോത്ര വ്യക്തമാക്കുന്നു. അലഹബാദിലെ ആനന്ദഭവനിൽ മോത്തിലാലായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്

    നെഹ്റുവിന് പെൺകുട്ടിയാണ് പിറന്നതെന്നറിഞ്ഞ് സങ്കടപ്പെട്ട ഭാര്യ സ്വരൂപറാണിയോട് ഇവൾ ആൺകുട്ടികളേക്കാൾ മിടുക്കിയാവും. എന്നാണ് മോത്തിലാൽ പറഞ്ഞത്. തന്റെ അമ്മയായ ഇന്ദ്രാണിയുടെ ഓർ മയ്ക്കായാണ് മോത്തിലാൽ പേരക്കിടാവിന് ഇന്ദിര എന്ന് പേരിട്ടത്. ആരോടും എപ്പോൾ വേണമെങ്കിലും ദേഷ്യപ്പെടുമായിരുന്ന മോത്തിലാൽ പക്ഷേ, ഇന്ദിരയുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ സദാസന്നദ്ധനായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാതെയാണ് ഇന്ദിര വളർന്നത്. തിരിച്ചടി കിട്ടിയാൽ അതിനെ മറികടക്കുകയെന്നുള്ളതാണ് ഇന്ദിരയുടെ സ്വഭാവം. മക്കൾ രാജീവും സഞ്ജയും ഇംഗ്ലണ്ടിലാണ് പഠിച്ചിരുന്നതെന്ന തിനാൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ ഒരുഘട്ടത്തിൽ ഇന്ദിര ആലോചിച്ചിരുന്നു. പക്ഷേ, കോൺഗ്രസ്സിൽ തന്നെ ഒതുക്കാൻ ശ്രമംനടക്കുന്നുണ്ടെന്ന അറിവാണ് ഇന്ദിരയെ ഈ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചതെന്ന് ഇന്ദർ എഴുതുന്നുണ്ട്.

    തളർത്താൻ ശ്രമിക്കുന്നവർക്കെതിരെ തളരാതെ പോരാടുകയെന്ന ഈ സ്വഭാവസവിശേഷത ഇന്ദിരയ്ക്കുണ്ടായത് അമ്മ കമല നേരിട്ട ദുരനുഭവങ്ങളിൽ നിന്നായിരുന്നു. കമലയുടെയും നെഹറുവിന്റെയും വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതായിരുന്നു. സമ്പത്തിലും പ്രൗഢിയിലും കമലയുടെ വിട്ടുകാർ നെഹ്റുവിനൊപ്പ മായിരുന്നെങ്കിലും പടിഞ്ഞാറൻ വിദ്യാഭ്യാസം കമലയ്ക്ക് കുറവായിരുന്നു. എല്ലാ അർഥത്തിലും ഒരു നാടൻ പെണ്ണായിരുന്ന കലയെ നെഹ്രുവിന്റെ അമ്മ സ്വരൂപറാണിയും നെഹ്രുവിന്റെ സഹോദരിമാരായ കൃഷ്ണയും വിജയലക്ഷ്മിയും തീരെ ഗൗനിച്ചിരുന്നില്ല.

    കമലയെ അപമാനിക്കുന്നതിൽ വിജയലക്ഷ്മി പണ്ഡിറ്റ് അത്യുത്സാഹം കാണിച്ചിരുന്നതായാണ് ആരോപ ണമുള്ളത്. തന്റെ അമ്മയെ അപമാനിക്കുന്നതിനെതിരെയായിരുന്നു ആദ്യകാലങ്ങളിൽ ഇന്ദിരയുടെ പോരാട്ടം എന്ന് മൽഹോത്ര എഴുതുന്നുണ്ട്. വിജയലക്ഷ്മി പണ്ഡിറ്റും ഇന്ദിരയുമായുള്ള നിതാന്ത വഴക്കുകളുടെ ഉറവിടവും ഇവിടെയാണ്. അമ്മയും മകളുമായുള്ള ബന്ധം തീവ്രവും തീക്ഷ്ണവുമായിരുന്നു. ക്ഷയരോഗത്തിന് ചികിത്സയ്ക്കായി കമല സ്വിറ്റ്സർലൻഡിലേക്ക് പോയപ്പോൾ ഇന്ദിരയാണ് കൂടെയുണ്ടായിരുന്നത്. രണ്ടാം വിദേശയാത്രയിൽ സ്വിറ്റ്സർലൻഡിലെ ലൊസെയ്നിൽവെച്ച് കമല മരിക്കുമ്പോഴും ഇന്ദിര ഒപ്പമുണ്ടായിരുന്നു. 1936 ഫെബ്രുവരിയിൽ കമല മരിക്കുമ്പോൾ ഇന്ദിരയ്ക്ക് 19 വയസ്സായിരുന്നു.

ഫിറോസിന്റെ ഇന്ദിര

    കലയുടെ മരണശേഷം നെഹ്റുവാണ് ഇന്ദിരയെ ഇംഗ്ലണ്ടിൽ പഠിക്കാനയച്ചത്. അമേരിക്കയായിരുന്നു ആദ്യം നെഹ്റുവിന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ഇന്ദിര തിരഞ്ഞെടുത്തത് ലണ്ടനാണ്. അവിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഫിറോസ് ഗാന്ധിയെന്ന ചെറുപ്പക്കാരൻ പഠിക്കുന്നുണ്ടെന്നതായിരുന്നു കാരണം. ഫിറോസ് അലഹബാദിൽ നെഹ്രു കുടുംബത്തിലെ പതിവുകാരനായിരുന്നു. കമല നെഹ്റു അസുഖബാധിതയായപ്പോൾ ഫിറോസ് എപ്പോഴും അവരെ ശുശ്രുഷിക്കാനുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ദിരയും ഫിറോസും പരിചയത്തിലാവുന്നത. പഠനം പൂർത്തിയാക്കാതെ ഇന്ദിര ലണ്ടനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചപ്പോൾ കപ്പലിൽ കൂടെ ഫിറോസുമുണ്ടായിരുന്നു.

    ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹത്തിന് നെഹ്റു ആദ്യം അനുകൂലമായിരുന്നില്ല. പ്രായോഗിക ജീവിതത്തിൽ ഇവർക്കിടയിൽ ഉയർന്നു വന്നേക്കാവുന്ന വൈഷമ്യങ്ങളെ കുറിച്ച് നെഹ്റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ ഇന്ദിരയ്ക്ക് ഫിറോസിനെ അത്രകണ്ട് ഇഷ്ടമാണെന്ന് കണ്ടപ്പോൾ നെഹ്റു ഇന്ദിരയ്ക്കൊപ്പം നിന്നു. പക്ഷെ ഒരു പാഴ്സി യുവാവുമായുള്ള വിവാഹം കശ്മീരി ബ്രാഹ്മണരായ നെഹ്റു കുടുംബത്തിന് അഭികാമ്യമായിരുന്നില്ല. കുടുംബത്തിൽനിന്നുള്ള എതിർപ്പ് കടുത്തപ്പോൾ നെഹ്റുവാണ് മകളുടെ തുണയ്ക്കെത്തിയത്. 1942 മാർച്ച് 26നായിരുന്നു ഇന്ദിരയുടെയും ഫിറോസിന്റെയും വിവാഹം. കൈ കൊണ്ട് തുന്നിയ പിങ്ക് നിറത്തിലുള്ള കോട്ടൻ സാരിയായിരുന്നു വധുവിന്റെ വേഷം. തന്റെ ജയിൽവാസത്തിനിടെ നെഹ്റു തന്നെ തുന്നിയെടുത്ത നൂലാണ് ഇതിനുപയോഗിച്ചത്. അമ്മയുടെ ആഭരണങ്ങൾ പെട്ടിയിലുണ്ടായിരുന്നെങ്കിലും ഇന്ദിര ഒരാഭരണവും ധരിച്ചിട്ടില്ല.

    ഹണിമൂൺ കശ്മീരിലെ മലനിരകളിലായിരുന്നു. മലകളും താഴ്വരകളും ഇന്ദിരയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. തന്റെ ചിതാഭസ്മം ഹിമാലയസാനുക്കളിൽ വിതറണമെന്ന ആഗ്രഹം ഇന്ദിര എഴുതിവെച്ചതും ഇതുകൊണ്ടായിരുന്നു. രണ്ടുകൊല്ലത്തിനുശേഷമായിരുന്നു രാജീവിന്റെ പിറവി. ഒരു ടോസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജിവിനെ പ്രസവിച്ചതെന്നും വേദന, ഒട്ടുമില്ലാത്ത പ്രസവമായിരുന്നു അതെന്നും ഇന്ദിരതന്നെ പറഞ്ഞിട്ടുണ്ട്. ഇതേസമയം സഞ്ജയിന്റെ പ്രസവം അതീവ വേദനാജനകമായിരുന്നെന്നും ഇന്ദിര വ്യക്തമാക്കിയിട്ടുണ്ട്.

    ഫിറോസുമായി ഇന്ദർ മൽഹോത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫിറോസ്-ഇന്ദിര ബന്ധത്തിലെ താളപ്പിഴകൾ മൽഹോത്ര വളെര അടുത്തുനിന്നാണ് കണ്ടത്. നെഹ്റുവും ഇന്ദിരയും തന്നെ അവഗണിക്കുകയാണെന്നത് ഫിറോ സിനെ മാനസികമായി തളർത്തിയി രുന്നു. നെഹ്റു പ്രധാനമന്ത്രിയായതി നുശേഷം ഇന്ദിര കൂടുതൽ സമയവും അച്ഛനെ സഹായിക്കാനായി കൂടെയു ണ്ടായിരുന്നു

കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയും ഇന്ദിരയും

    1959-ൽ കേരളത്തിലെ ആദ്യ കമ്മ്യൂണി സ്റ്റ് മന്ത്രിസഭ പിരിച്ചുവിടാൻ നെഹ്രു വിന്മേൽ സമ്മർദം ചെലുത്തിയത് ഇന്ദിരയായിരുന്നു. കോൺഗ്രസ്സിനു ള്ളിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും ഇതിൽ ഇന്ദിരയ്ക്കുണ്ടാ യിരുന്നു. എന്നാൽ, ലണ്ടൻ ജീവിത കാലം മുതൽ കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഫിറോസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുന്നതിനെ ശക്തമായി എതിർത്തു. ഇന്ദിരയുടെയും ഫിറോസിന്റെയും കോമൺ ഫ്രണ്ടായിരുന്ന കൃഷ്ണമേനോനും ഇക്കാര്യത്തിൽ ഇന്ദിരയുടെ എതിർഭാഗത്തായിരുന്നു. പക്ഷേ, ഇന്ദിര തന്റെ അജൻഡയുമായി മുന്നോട്ടുപോയി. ഇ എം എസ് മന്ത്രിസഭയെ കേന്ദ്രസർക്കാർ പിരിച്ചുവിടുകയും ചെയ്തു.

    ഇന്ദിരയുടെ ഈ നടപടി ഫിറോസിനെ വല്ലാതെ വേദനിപ്പിച്ചതായി മൽഹോത്ര എഴുതുന്നുണ്ട്. പാർലമെന്റിൽ ഒന്നിനുപിറകെ ഒന്നായി പല കുംഭകോണങ്ങളും പുറത്തുകൊണ്ടുവന്ന മിടുക്കനായ പാർലമെന്ററിയനായിരുന്നു ഫിറോസ്. പക്ഷേ, ഇന്ദിരയുമായുള്ള ബന്ധം തകർന്നതോടെ ഫിറോസ് മദ്യപാനത്തിലേക്കും പുകവലിയിലേക്കും നീങ്ങി.

    ഒരിക്കൽ മൽഹോത്രക്കെഴുതിയ കത്തിൽ താൻ പ്രധാനമന്ത്രി നെഹ്റുവിന്റെ വീട്ടിലേക്കുള്ള യാത്ര അവസാനിപ്പിച്ചതായി എഴുതി, ആ കത്തിൽ ഫിറോസ് ഇന്ദിരയെ വിശേഷിപ്പിച്ചത് ശ്രീമതി ഇന്ദിര എന്നായിരുന്നു. 1960 സെപ്തംബറിൽ ഹൃദ്രോഗംമൂലം ഫിറോസ് മരിക്കുമ്പോൾ കേരളത്തിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയിലായിരുന്നു ഇന്ദിര.

    48-ാമത്തെ വയസ്സിൽ ഫിറോസിന്റെ മരണം ഇന്ദിരയെ വല്ലാതെ ഉലച്ചു കളഞ്ഞു. മകൻ സഞ്ജയ് കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പ് ഒരു കൂടിക്കാഴ്ചയിൽ ഇന്ദിര പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ മരണം ഫിറോസിന്റേതായിരുന്നുവെന്നാണ്

ഒന്നുമറിയാത്ത 'പാവ'യിൽനിന്ന് ദുർഗയിലേക്ക് 

    1966 ജനുവരി 24-ന് ലാൽബഹാദുർ ശാസ്ത്രിക്കുശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇന്ദിരയ്ക്ക് സാധിച്ചത് കോൺഗ്രസ്സിനുള്ളിൽ സിൻഡിക്കേറ്റ് എന്നറിയപ്പെട്ട സംഘത്തിന്റെ പിന്തുണകൊണ്ടാണ്. നിജലിംഗപ്പയും അതുല്യഘോഷും എസ്.കെ. പാട്ടിലും അടങ്ങിയ ഈ സംഘത്തിന്റെ തലവൻ പ്രസിഡന്റ് കാമരാജായിരുന്നു. എസ്.കെ. പാട്ടിലിന്റെ നിർദേശം കാമരാജ് തന്നെ പ്രധാനമന്ത്രിയാവണമെന്നായി രുന്നു. എന്നാൽ, ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത താൻ പ്രധാനമന്ത്രിയാവാനില്ലെന്ന് കാമരാജ് പറഞ്ഞു. മൊറാർജി ദേശായിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കാനായാണ് കാമരാജും കൂട്ടരും ഇന്ദിരയെ പിന്തുണച്ചത്.

    ഇന്ദിര തങ്ങളുടെ നിയന്ത്രണ ത്തിൽ തുടരുമെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. പൊട്ടിക്കാളി എന്ന അർഥത്തിൽ ഗൂംഗി ഗുഡിയ എന്ന് ഇന്ദിരയെ പരിഹസിച്ചത് റാം മനോഹർ ലോഹ്യയാണ്. നെഹ്റുവിന്റെ നിഴലിൽ വളർന്ന് കുടുംബാധിപത്യത്തിന്റെ തുണയിൽ പ്രധാനമന്ത്രിയായ ഇന്ദിര വൻപരാജയമാവും. എന്നതായിരുന്നു പൊതുവെയുള്ള ധാരണ. ഇന്ദിരയുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിശോധിച്ച പ്രശസ്ത കവി ഡോം മൊറെയ്ന്സ് ഒരിക്കൽ പറഞ്ഞത് ഇന്ദിരയുടെ ലൈബ്രറിയിൽ നിരവധി പുസ്തകങ്ങളുണ്ടെന്നും എന്നാൽ, പലതിന്റെയും ഉള്ളിൽ ഒട്ടിച്ചേർന്നിരിക്കുന്ന പേജുകൾ വേർപെടുത്തിയിട്ടില്ലെന്നുമാണ്.

    ഇന്ദിര പക്ഷേ, പുസ്തകങ്ങൾ വായിച്ചിരുന്നുവെന്ന് തന്നെയാണ് മൽഹോത്ര പറയുന്നത്. ചെറുപ്പത്തിൽ ജോൻ ഓഫ് ആർക്കായിരുന്നു ഇന്ദിരയുടെ പ്രചോദനമെങ്കിൽ മുതിർന്നപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡീഗോളായിരുന്നു ഇന്ദിരയ്ക്ക് ആരാധനയുണ്ടായിരുന്നവരിൽ ഒരാൾ. ഫ്രഞ്ച് സന്ദർശനവേളയിൽ ഡിഗോളിനോട് സുന്ദരമായ ഫ്രഞ്ചിൽ തന്നെയാണ് ഇന്ദിര സംസാരിച്ചതും.

    തന്റെ സൗന്ദര്യത്തെക്കുറിച്ച് ഇന്ദിര ബോധവത്തിയായിരുന്നു. ഏതാൾക്കുട്ടത്തിലും ഇന്ദിര വേറിട്ടു നിന്നതിൽ ഈ സൗന്ദര്യത്തിന് വലിയ പങ്കുമുണ്ടായിരുന്നു. തന്റെ മൂക്ക് കുറച്ച് വലുതാണോയെന്ന ചിന്ത ഇന്ദിരയെ ഇടയ്ക്ക് അലട്ടിയിരുന്നു. ഒരിക്കൽ ഒരു പൊതുയോഗത്തിൽവെച്ച് കല്ലേറുകൊണ്ട് മൂക്കിന് പരിക്കുപറ്റി ആസ്പത്രിയിലായപ്പോൾ മൂക്ക് പ്ലാസ്റ്റിക്സ് സർജറിയിലൂടെ ചെറുതാക്കാൻ ഇന്ദിര ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ വഴങ്ങിയില്ല.

    ഇന്ദിര നെഹ്റുവിന്റെ തണലിലാണ് വളർന്നത്. പക്ഷെ നെഹ്റുവിന്റെ മരണശേഷം ഇന്ദിരയുടെ യാത്രയത്രയും തനിച്ചായിരുന്നു. 1971-ൽ ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ദിരയുടെ നീക്കങ്ങൾ ലോകരാഷ്ട്രത്തലവന്മാരെതന്നെ വിസ്മയിപ്പിച്ചിരുന്നു. അമേരിക്കയും ചൈനയും ഇടപെടുംമുമ്പ് യുദ്ധം ജയിക്കാനും ഇന്ദിരയ്ക്കായി, ബംഗ്ലാദേശ് യുദ്ധവിജയത്തോടെയാണ് ഇന്ദിര 'ദുർഗ'യാവുന്നത്. 'ഒരാൾക്കും ഒരു രാഷ്ട്രത്തിനും എന്നെ സമ്മർദത്തിലാക്കാനാവില്ല' എന്നാണ് ഇന്ദിര ബംഗ്ലാദേശ് യുദ്ധത്തിനുശേഷം ടൈം വാരികയോട് പറഞ്ഞത്.

അടിയന്തരാവസ്ഥ എന്ന മഹാപാപം 

    ഇന്ദിര ചെയ്ത മഹാപാപമായിരുന്നു അടിയന്തരാവസ്ഥ എന്ന് മൽഹോത്ര നിരീക്ഷിക്കുന്നത് വ്യക്തമായ നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണ്. തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരയ്ക്ക് സുപ്രീംകോടതിയിൽ പോകാമായിരുന്നു. പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്യാനാണ് ഇന്ദിര ഒരുങ്ങിയത്. അടിയന്ത രാവസ്ഥയുടെ കറ ഇന്ദിരയുടെ ജീവിതത്തിൽ വീഴ്ചയ കരിനിഴൽ വളരെ വലുതായിരുന്നു. ഇന്ദിരയുടെ ജീവിതത്തിന്റെ നല്ല വശങ്ങളൊക്കെതന്നെ ഈ നിഴലിന്റെ മറയിലായി.

    ബാങ്ക് ദേശസാത്കരണവും മതേതരത്വത്തിന്റെ സംരക്ഷണത്തിനായി ഇന്ദിര എടുത്ത കർശന നിലപാടുകളും സൈലന്റ്വാലി പോലെ പരിസ്ഥിതി സൗഹാർദ നടപടികളുമൊക്കെ തന്നെ അടിയന്തരാവസ്ഥയുടെ കറയിൽ മുങ്ങിപ്പോയി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യൻ ജനത ഇന്ദിരയെ തിരസ്കരിച്ചു. രക്തം കുടിക്കുന്ന കാളിയാണ് ഇന്ദിരയെന്ന് വിധിയെഴുതി. ജീവിതത്തിൽ ഇന്ദിര ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത് ആ കറുത്തനാളുകളിൽ സഞ്ജയ് മാത്രമാണ് ഇന്ദിരയുടെ കൂടെയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് സഞ്ജയ് ഗാന്ധി അവരുടെ ദൗർബല്യമായി മാറിയതെന്നും നിരീക്ഷിച്ചത് ഇന്ദിരയുടെ അടുത്ത സുഹൃത്തായിരുന്ന പുപുൽ ജയ്ക്കറാണ്.

    ജനതാ ഭരണത്തിനുശേഷം പക്ഷേ, ഇന്ത്യൻ ജനത ഇന്ദിരയെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, പഞ്ചാബിൽ ഇന്ദിരയ്ക്ക് ചുവടുകൾ പിഴച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നതിനുശേഷം ഇന്ദിരയുടെ സുരക്ഷാസന്നാ ത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇന്ദിരയോട് അടുത്തുനിൽക്കുന്ന സുരക്ഷാഭടന്മാരിൽ സിക്കുകാർ വേണ്ടെന്ന നിർദേശം വന്നത് അങ്ങനെയാണ്. ഈ നിർദേശം നടപ്പാക്കുന്നതിനുപകരം ഇതേക്കുറിച്ച് ഇന്ദിരയുടെ അഭിപ്രായമാരായുകയാണ് ഐ.ബി. മേധാവി ചെയ്തത്. സുരക്ഷ വേണ്ടയാളോട് ചോദിച്ചിട്ടല്ല സുരക്ഷ ഒരുക്കേണ്ടതെന്ന പ്രാഥമിക തത്ത്വമാണ് ഐ.ബി. ചീഫ് മറന്നത്. ഈ നിർദേശമടങ്ങിയ ഫയൽ ഇന്ദിരയുടെ അടുത്തെത്തിയപ്പോൾ ഇന്ദിര ഫയലിൽ കുറിച്ചത് are we secular .

    ബിയാന്ത് സിങ് ഇന്ദിരയുടെ സുരക്ഷാ സേനയിൽ തുടർന്നതങ്ങനെയാണ്. വീടിന് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കിയ പ്പോൾ റാംജി നാഥ് കാവുവിനോട് ഇന്ദിര പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. 'ഒന്നുകൊണ്ടും കാര്യമില്ല. എന്റെ കൊലയാളികൾ വരുമ്പോൾ എന്നെ രക്ഷിക്കാനുള്ളവരായിരിക്കും ആദ്യം ഓടിപ്പോവുക.' 1984 ഒക്ടോബര് 31 ന് ഇന്ദിര വെടിയേറ്റു വീണപ്പോൾ പിന്നിലായുണ്ടായിരുന്ന സുരക്ഷാ സൈനികരിൽ പലരും ആദ്യംചെയ്തത് രക്ഷപ്പെടാൻ ഓടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍